തലശേരി;വെടിയുണ്ടയ്‌ക്കും ഭീഷണിക്കും കീഴടങ്ങാത്ത നിർഭയ മാധ്യമപ്രവർത്തനത്തിന്‌ യുവതയുടെ ആദരവ്‌. കൂത്തുപറമ്പ്‌ സമരഭൂമിയിൽനിന്ന്‌ നാടിനെ നേരറിയിച്ച റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും കൂത്തുപറമ്പ്‌ രക്തസാക്ഷിത്വത്തിന്റെ ഇരുപത്തഞ്ചാം വാർഷികവേളയിൽ ഡിവൈഎഫ്‌ഐ ആദരിച്ചു. സമരഭൂമിയിലെ നേർസാക്ഷ്യം–-കൂത്തുപറമ്പ്‌ സമരം റിപ്പോർട്ടു ചെയ്‌ത മാധ്യമപ്രവർത്തകരുടെ സംഗമം തലശേരി പഴയ ബസ്‌സ്റ്റാൻഡിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. എം സി പവിത്രൻ അധ്യക്ഷനായി. കൂത്തുപറമ്പ്‌ സമരം സത്യസന്ധമായി റിപ്പോർട്ടുചെയ്യുകയാണ്‌ മാധ്യമങ്ങൾ ചെയ്‌തതെന്ന്‌ എം വി ജയരാജൻ പറഞ്ഞു. നിരായുധരായ സമരക്കാർക്കുനേരെയാണ്‌ വെടിയുതിർത്തത്‌. ഒരുവിധത്തിലുള്ള പ്രകോപനവും പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായില്ല. മന്ത്രി വന്നയുടൻ ആദ്യത്തെ അടി എന്റെ തലയ്‌ക്കായിരുന്നു. കരിങ്കൊടി കാട്ടി പ്രകടനമായി പിരിയുമെന്നറിയിച്ചിട്ടും തുടരെയുള്ള അടിയും വെടിവയ്‌പ്പുമായിരുന്നു. മാധ്യമപ്രവർത്തകർ രണ്ട്‌ മണിക്കൂറോളം എസ്‌ടിഡി ബൂത്തിനുള്ളിൽ കുടുങ്ങി. പി എം മനോജും സി കെ എ ജബ്ബാറുമടക്കമുള്ള മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടതുതന്നെ അത്ഭുതമാണെന്നും എം വി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരായ പി എം മനോജ്, കെ മോഹനൻ (ദേശാഭിമാനി), സി കെ എ ജബ്ബാർ (മാധ്യമം), യു ബാബുഗോപിനാഥ്‌ (സുദിനം) എന്നിവരെ കൈരളി എം ഡി ജോൺ ബ്രിട്ടാസ്‌ ആദരിച്ചു. മാധ്യമപ്രവർത്തകർ സമരഭൂമിയിലെ അനുഭവം പങ്കിട്ടു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജർ, സി എൻ ജിഥുൻ, ജസീൽ പാലിശേരി എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ മനു തോമസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സരിൻ ശശി, മുഹമ്മദ്‌ അഫ്‌സൽ, എ കെ രമ്യ എന്നിവരും പങ്കെടുത്തു.