പ്രതികളായ മൂന്ന് പേരെ ഒഴിവാക്കി; പോലീസ് കോണ്‍സ്റ്റബിള്‍ നിയമനം ഉടന്‍

തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും ഉടന്‍ നിയമനം നടത്താന്‍ പിഎസ്സി തീരുമാനിച്ചു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നിയമന ശിപാര്‍ശ നല്‍കും. തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നുപേരെ മാത്രം ഒഴിവാക്കി നിയമനവുമായി മുന്നോട്ട് പോകാനാണ് പിഎസ്‌സിയുടെ തീരുമാനം.

പ്രതികള്‍ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട് ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയിന്‍ റാങ്ക് പട്ടിക 4 മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യം പിഎസ് സിയും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെയാണ് ശേഷിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ പിഎസ് സി തീരുമാനിച്ചത്.
പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‌സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.