എടക്കാട്:രാജ്യത്തെ തിരഞ്ഞെടുത്ത 50 കടൽത്തീരങ്ങൾ ശുചിയാക്കുന്ന സ്വച്ച് നിർമൽ തട് അഭിയാന്റെ ഭാഗമായി നടത്തിയ മുഴപ്പിലങ്ങാട് ബീച്ച് ശുചീകരണയജ്ഞം സമാപിച്ചു. 400 ചാക്ക് അജൈവ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു.
കേന്ദ്ര പരിസ്ഥിതി വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ശുചീകരണവും ബോധവത്കരണവും നടന്നത്. കേരളത്തിൽ ഏഴ് ബീച്ചുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
സി.ഡബ്ലു.ആർ.ഡി.എം., സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമാപനപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനംചെയ്തു.
മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ.ബി.അനിത, പഞ്ചായത്തംഗങ്ങളായ കുനോത്ത് ബാബു, പി.ഉഷ, സി.ശാന്ത, ടി.വി.റോജ എന്നിവർ സംസാരിച്ചു.
വിദ്യാർഥികൾക്ക് പ്രശ്നോത്തരി, ചിത്രരചന, പൊതുജനങ്ങൾക്കുള്ള ഫോട്ടോഗ്രാഫി മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും നടത്തി. 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ ഒരാഴ്ചത്തെ ശുചീകരണയജ്ഞത്തിൽ പങ്കെടുത്തു

0 Comments