കൊയിലാണ്ടി: വിവാഹവീട്ടില്‍ സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടപ്പോള്‍ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച്‌ കുടിപ്പിച്ചതാണ് വിനയായത്. ഇതേത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും വിവാഹവേഷത്തില്‍ത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സനല്‍കി.

വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച്‌ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്‌. കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

വിവാഹവീടുകളില്‍ മാലയിടുമ്ബോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്റുകള്‍ പറയുക, പടക്കംപൊട്ടിക്കുക എന്നിവ കൂടിവരികയാണ്. ഇത് സംഘര്‍ഷത്തിലേക്കും മറ്റും നയിക്കാറുണ്ട്.