ഊട്ടിയില്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞാല്‍ 10,000 രൂപ പിഴ
ചെന്നൈ: ഊട്ടിയില്‍ മദ്യപാനത്തിനുശേഷം കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ നീലഗിരി കളക്ടര്‍ ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടു. നീലഗിരി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 55 മദ്യക്കടകളുണ്ട്.
മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയില്‍ മദ്യക്കടകളോടനുബന്ധിച്ചു ബാറുകളില്ല. ഈ കടകളില്‍നിന്നു ശരാശരി ഒന്നരക്കോടി രൂപയുടെ മദ്യമാണ് വിറ്റുപോകുന്നത്. മദ്യപാനത്തിനുശേഷം പൊതുവിടങ്ങളിലും കാടുകളിലുമൊക്കെയാണ് കുപ്പികള്‍ വലിച്ചെറിയുന്നത്. ഒരു ദിവസം 20,000-ത്തോളം കുപ്പികളാണ് ജില്ലയില്‍നിന്നു നീക്കംചെയ്യാറുള്ളത്. കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത് പരിസ്ഥിതിപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് വന്‍തുക പിഴയീടാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
വലിച്ചെറിയുന്നതു കണ്ടാല്‍ പിടികൂടി പിഴ ഈടാക്കും. വനത്തിലേക്കു വലിച്ചെറിയുന്ന കുപ്പികളില്‍ ഭൂരിഭാഗവും പാറകളില്‍ തട്ടി പൊട്ടിച്ചിതറുകയാണ് പതിവ്. ഇത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകും. മദ്യക്കുപ്പികള്‍ ഉപേക്ഷിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക ബക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.


0 Comments