സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കുമിടയില്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് പൊതികള്‍ എത്തിച്ചു നല്‍കുന്നയാള്‍ അറസ്റ്റിലായി

കണ്ണൂര്‍: കീഴ്ത്തള്ളി ഭാഗത്ത് നാനോ കാറില്‍ കേരള ലോട്ടറി വില്‍ക്കുന്ന വേലു എന്ന വേലുരത്നം (52) ആണ് അറസ്റ്റിലായത്.  എക്‌സൈസ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്‌കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.

കീഴ്ത്തള്ളി ഭാഗത്ത് നാനോ കാര്‍ നിര്‍ത്തിയിട്ട് ലോട്ടറി വില്‍പ്പന നടത്തുമ്പോഴാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്.  കാറില്‍ പ്രത്യേക രീതിയിലുള്ള അറകള്‍ സജ്ജീകരിച്ച് സൂക്ഷിച്ച നിലയില്‍ 350 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇയാളുടെ പേരില്‍ മുന്‍പും കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 പൊള്ളാച്ചിയില്‍ നിന്നും ചെറിയ വിലക്ക് ലഭിക്കുന്ന കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വലിയ വിലക്ക് വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് കഞ്ചാവ് കച്ചവടം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സി.വി ദിലീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി രതീഷ്, ബൈജേഷ്, പി.വി ഗണേഷ് ബാബു എന്നിവരുമുണ്ടായിരുന്നു.