ശബരിമല തീര്‍ഥാടനം: അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി എന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു . അവസാനവട്ട മിനുക്കുപണികള്‍ നവംബര്‍ 15ന് അകം പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണി ഈമാസം 15ന് അകം പൂര്‍ത്തിയാക്കും. പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കി.മി), കണമല-ഇലവുങ്കല്‍ റോഡ്(9.9 കി.മി), പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ്(7 കി.മി), ചേത്തോംങ്കര-അത്തിക്കയം റോഡ്(7 കി.മി), മുക്കട-ഇടമണ്‍-അത്തിക്കയം(7 കി.മി), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ നവീകരിക്കും. ചാലക്കയം - പമ്ബ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കും. പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെഎസ്ടിപി പൂര്‍ത്തിയാക്കും. റോഡുകളില്‍ സൂചനാ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും റിഫ്‌ളക്ടറുകളും പൊതുമരാമത്ത് നിരത്തു വിഭാഗം സ്ഥാപിക്കും.
സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കും. അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഇത്തവണ പുതിയ യൂണിഫോം നല്‍കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുടങ്ങും. റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി. പമ്ബ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കും. ഇതിന്റെ നിര്‍മാണം ഇന്ന് പൂര്‍ത്തിയാകും.
നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്ബില്‍ നിലവില്‍ 12000 വാഹനങ്ങള്‍ക്കാണ് പാര്‍ക്കിംഗ് സൗകര്യമുള്ളത്. ഇവിടെ 20000 മീറ്റര്‍ സ്‌ക്വയര്‍ സ്ഥലം കൂടെ പാര്‍ക്കിംഗിനായി വികസിപ്പിക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പമ്ബയില്‍ രാമമൂര്‍ത്തി മണ്ഡപം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് താല്‍ക്കാലിക വിരി സൗകര്യവും ബാരിക്കേഡും സജ്ജമാക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം, മാലിന്യം എന്നിവ പരിശോധിക്കാന്‍ സന്നിധാനത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതിയ ലാബ് തുടങ്ങും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും കളക്ടര്‍ പറഞ്ഞു.


0 Comments