പാസഞ്ചറിനു പകരം മെമു ആലപ്പുഴ-എറണാകുളം യാത്ര ക്ലേശകരം; മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി




കൊച്ചി: ആലപ്പുഴയില്‍നിന്നു രാവിലെ എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്‌ നിര്‍ത്തിയത്‌ യാത്രക്കാര്‍ക്കു കനത്ത തിരിച്ചടി. പാസഞ്ചര്‍ നിര്‍ത്തി പകരം ചെറിയ ട്രെയിനായ മെമു ഓടിക്കുന്നതാണ്‌ യാത്ര ദുഷ്‌കരമാക്കുന്നത്‌. പാസഞ്ചറില്‍ 16 കോച്ചുകള്‍ ഉള്ളപ്പോള്‍ മെമുവില്‍ 12 ആണ്‌ കോച്ചുകള്‍.
ഇതുമൂലം ആളുകള്‍ തിക്കിത്തിരക്കി ഒരുവിധം യാത്ര ചെയ്യുകയാണ്‌. യാത്രികരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട്‌ മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കി. ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡണ്ട്‌ അഡ്വ. ഡി.ബി. ബിനു, പി.പ്രേംകുമാര്‍ എന്നിവരാണു സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ക്കെതിരേ ഹര്‍ജി നല്‍കിയത്‌. സൗത്ത്‌ റെയില്‍വേ സേ്‌റ്റഷനില്‍ രാവിലെ 9ന്‌ എത്തുന്ന സ്‌ഥിരം പാസഞ്ചര്‍ യാത്രക്കാര്‍ക്ക്‌ മെമുവിലെ യാത്ര ദുരിതപൂര്‍ണ്ണമാണെന്നു ഹര്‍ജിയില്‍ പറയുന്നു. മെമുവില്‍ കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തുകയോ മതിയായ കോച്ചുകളുള്ള പാസഞ്ചര്‍ ട്രയിനുകള്‍ ഓടിക്കുകയോ വേണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
രാവിലെ 11.15ന്‌ കായംകുളത്തു നിന്നും എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന പാസഞ്ചര്‍ ട്രെയിന്‍ ജനശതാബ്‌ദിക്കു തൊട്ടുപിന്നാലെ ഓടിച്ചാലും തിരക്കു കുറയ്‌ക്കാമെന്നു ഹര്‍ജിയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസാണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌.