മണ്ഡല കാലം; കോട്ടയത്ത് തീര്‍ഥാടകരുടെ തിരക്കേറി; റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസ്
കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയത്ത് ശബരിമല തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കോട്ടയം റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡിലുമാണ് തീര്‍ഥാടകരുടെ തിരക്കേറെയുള്ളത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നു കെഎസ്ആര്‍ടിസി വെള്ളിയാഴ്ച മുതല്‍ പന്പയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇന്നലെ 20 ബസുകള്‍ സര്‍വീസ് നടത്തി. ഇക്കൊല്ലം തീര്‍ഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നു മതുല്‍ കൂടുതല്‍ ബസുകള്‍ എരുമേലിക്കും പന്പയ്ക്കും ഓടിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ തീര്‍ഥാടകരെത്തുന്നത്. ആന്ധ്രയില്‍നിന്ന് ഇന്നലെ ആദ്യ സ്പെഷല്‍ ട്രെയിന്‍ എത്തി. അടുത്ത ദിവസം മുതല്‍ കോട്ടയത്തിനും കൊല്ലത്തിനും വിവിധയിടങ്ങളില്‍നിന്ന് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ എത്തും. ട്രെയിനുകളില്‍ തീര്‍ഥാടകര്‍ കൂടുതല്‍ എത്തുന്ന മുറയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
എപ്പോഴും റെയില്‍വേ സ്റ്റേഷനു മുന്പില് പന്പയ്ക്കുള്ള ഒരു ബസ് ഉണ്ടാകും. പന്പ സര്‍വീസ് ബസുകളുടെ പാര്‍ക്കിംഗ് ഗുഡ്സ് റോഡിലാണ് ക്രമീകരിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പന്പ സര്‍വീസ് സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തില്‍ താത്കാലിക സ്റ്റേഷന് മാസ്റ്ററുടെ ഓഫീസും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്പോള്‍ കോട്ടയം ഡിപ്പോയിലെത്തുന്ന ബസുകള്‍ പിടിച്ച് പന്പയ്ക്ക് അയക്കാനും നിര്‍ദേശമുണ്ട്.
പ്രധാന ഇടത്താവളമായ എരുമേലിയിലും തിരക്കേറി. എരുമേലിയില്‍ അയ്യപ്പന്മാരുടെ ചെറിയ സംഘങ്ങള്‍ പേട്ടതുള്ളല്‍ തുടങ്ങി. ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, വൈക്കം, കടപ്പാട്ടൂര്‍ എന്നിവിടങ്ങളിലും തീര്‍ഥാടകരുടെ തിരക്ക് തുടങ്ങി. കെകെ റോഡിലും പാലാ -പൊന്‍കുന്നം റോഡിലും തീര്‍ഥാടക വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പരന്പരാഗത കാനനപാതയില്‍ വലിയ തിരിക്കില്ല.


0 Comments