നടിയുടെ സ്വകാര്യത മാനിക്കണം: ദൃശ്യങ്ങള്‍ ദിലീപിന് കാണാം, കൈമാറാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
അതേ സമയം ദൃശ്യങ്ങൾ ദിലീപിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലിപ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഉപാധികളോടെയാണ് ദൃശ്യങ്ങൾ കാണാൻ മാത്രം കോടതി അനുമതി നൽകിയത്.
നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് നിർദേശിച്ച കോടതി ദൃശ്യങ്ങൾ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കാണാമെന്നും ഉത്തരവിട്ടു.
മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടതാണെന്നും തൊണ്ടിമുതലാണെങ്കിൽ നൽകാനാവില്ലെന്നും വാദമുയർന്നിരുന്നു.
മെമ്മറി കാർഡ് നൽകുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസർക്കാരും വാദിച്ചപ്പോൾ, അത് രേഖയാണെങ്കിൽ പകർപ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.
രേഖയാണെങ്കിൽ അത് ലഭിക്കാൻ പ്രതിക്ക് അവകാശമില്ലേയെന്ന് കോടതി ആരാഞ്ഞപ്പോൾ, അഥവാ നൽകുകയാണെങ്കിൽത്തന്നെ സുരക്ഷാ മുൻകരുതലെടുത്തിരിക്കണമെന്നാണ് സംസ്ഥാനസർക്കാർ ബോധിപ്പിച്ചത്.


0 Comments