ബോധപൂർവം സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്ന മത പരിവർത്തന ശ്രമങ്ങളെ ചെറുക്കും - ഭാർഗ്ഗവറാം





ഇരിട്ടി : ബോധപൂർവം സമൂഹത്തിൽ അസ്വസ്ഥത പടർത്തുന്ന മത പരിവർത്തന ശ്രമങ്ങളെ ഏതറ്റംവരെ പോയും ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സിക്രട്ടറി ഭാർഗ്ഗവറാം പറഞ്ഞു. ഇരിട്ടിയുടെ മലയോര മേഖലകളിൽ നടക്കുന്ന മത പരിവർത്തനത്തിനും വ്യാജ രോഗ ശാന്തി ചികിത്സകൾക്കും എതിരെ എടൂരിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദു സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഭാർഗ്ഗവറാം.  തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഇത്തരം മത പരിവർത്തന കേന്ദ്രങ്ങളിൽ ഹിന്ദു വിശ്വാസങ്ങളേയും ഹൈന്ദവരുടെ ദേവതാ  സങ്കല്പങ്ങളെയും നിരന്തരം അധിക്ഷേപിച്ചു  കൊണ്ടിരിക്കുകയാണ്. മത പ്രചാരണത്തിന്റെ പേരിൽ വീടുകൾ കയറിയും ഇവർ ഇതുതന്നെ ചെയ്യുന്നു. രണ്ട് സംഘടിത മതങ്ങൾ അവരുടെ അജണ്ട നടപ്പിലാക്കിയത് മൂലമാണ് ലോകത്തിൽ ഒരു കാലത്തു നിലനിന്നരുന്ന നാൽപ്പത്തി അഞ്ചോളം സംസ്കാരങ്ങൾ തുടച്ചു മാറ്റപ്പെടാൻ ഇടയാക്കിയത്. ഈ മണ്ണിൽ ഇനിയും ഇത്തരം മതപരിവർത്തന പ്രവർത്തങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അതിനു പരിഹാരം കാണാൻ  വേണ്ടിയാണ് ഇവിടെ ഹിന്ദു സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാർഗ്ഗവറാം പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സജീവൻ ആറളം ആമുഖ ഭാഷണം നടത്തി. കണ്ണൂർ അമൃതാനന്ദമയീ മഠം അദ്ധ്യക്ഷൻ അമൃതകൃപാനന്ദ സ്വാമി, സ്വാമി പ്രേമാനന്ദ, രാജേഷ് നാദാപുരം, ടി.കെ. ബാബു, എ.എൻ. സുകുമാരൻ മാസ്റ്റർ, എം.ആർ. സുരേഷ്, പി. കൃഷ്ണൻ, ശ്യാം മോഹൻ, കെ. മനോഹരൻ  എന്നിവർ പ്രസംഗിച്ചു. പി. ജയകുമാർ സ്വാഗതവും ഇ.എം. സന്തോഷ് നന്ദിയും പറഞ്ഞു.