കുഴല്‍ക്കിണര്‍ അപകടം: രക്ഷായന്ത്രം തയാര്‍



കുന്നംകുളം: തമിഴ്‌നാട്ടില്‍ സുജിത്‌ എന്ന കുരുന്ന്‌ കുഴല്‍ കിണറില്‍ വീണു മരിച്ചത്‌ രാജ്യം നടുക്കത്തോടെയാണു കണ്ടത്‌. വൈ-ഫൈയും ഇന്റര്‍നെറ്റും അതിവേഗം നേടിയിട്ടും ചന്ദ്രയാന്‍ ദൗത്യം രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയിട്ടും കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതു ചര്‍ച്ചയായി.
ഇത്തരം അപകടങ്ങള്‍ക്കെതിരേ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പുതിയ രക്ഷാ സംവിധാനവുമായി എറണാകുളം ജി.എച്ച്‌.എസ്‌. സൗത്ത്‌ വാഴക്കുളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍.പത്താംക്ലാസുകാരന്‍ ശിവദേവ്‌ മനുവും എട്ടാംക്ലാസുകാരന്‍ സൂര്യ ജോസുമാണ്‌ 'ബോര്‍വെല്‍ പാര്‍വലസ്‌ സസ്‌പിറ്റോ' എന്ന രക്ഷാസംവിധാനം നിര്‍മിച്ചത്‌. കുഴല്‍ക്കിണറില്‍ കുട്ടി അകപ്പെട്ടാല്‍ സമാന്തരമായി കുഴിയെടുത്തശേഷം കുടുങ്ങിക്കിടക്കുന്ന ദിശയിലേക്കു മറ്റൊരു തുരങ്കമുണ്ടാക്കുന്ന രീതിയാണിപ്പോള്‍.
ഇതു പഴയതും 40 ശതമാനത്തില്‍താഴെ വിജയസാധ്യതയുള്ളതുമാണെന്നു സൂര്യയും ശിവദേവും പറഞ്ഞു. തങ്ങള്‍ കണ്ടെത്തിയ പുതിയ രക്ഷാസംവിധാനം പൂര്‍ണവിജയമാകുമെന്നും ഇവര്‍ പറഞ്ഞു. ക്യാമറ, സൗണ്ട്‌ സിസ്‌റ്റം ആന്‍ഡ്‌ ലൈറ്റ്‌, ട്രാന്‍സ്‌മിറ്റര്‍, റസിസ്‌റ്റര്‍, റിലേ, വോംഗിയര്‍, യന്ത്രക്കൈകള്‍, ഡി.സി. മോട്ടോര്‍, ഓക്‌സിജന്‍ സിലിന്‍ഡര്‍, വിന്‍ജ്‌, ബാറ്ററി, പി.സി.ബി ബോര്‍ഡ്‌ എന്നിവയും നാലു ചക്രങ്ങളുള്ള ഒരു പ്ലാറ്റ്‌ ഫോമും, സപ്പോര്‍ട്ടിങ്ങായി ഉപയോഗിക്കുന്ന അഞ്ചാം ചക്രവുമാണ്‌ പുതിയ യന്ത്രത്തിന്റെ മോഡലിലുള്ളത്‌.
അപകടം സംഭവിച്ച കുഴല്‍ക്കിണറില്‍ ഇറക്കി വയ്‌ക്കാവുന്ന വിധത്തിലാണ്‌ 'ബോര്‍വെല്‍ പാര്‍വലസ്‌ സസ്‌പിറ്റോ' എന്ന രക്ഷാസംവിധാനത്തിന്റെ പ്രവര്‍ത്തനം. കുഴല്‍ കിണറില്‍ ഇറങ്ങുന്ന യന്ത്രക്കൈയ്‌ക്കു മുകളില്‍ എല്‍.ഇ.ഡി. ലൈറ്റും ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്‌. പുറത്തുള്ള മോണിറ്ററില്‍ കൂടി കിണറ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയുടെ വ്യക്‌തമായ കാഴ്‌ച ലഭിക്കും. വാഹനം കെട്ടിവലിക്കാനുപയോഗിക്കുന്ന വിന്‍ജുമായി ഈ യന്ത്രം ബന്ധിപ്പിക്കും. തുടര്‍ന്ന്‌ ബോര്‍വെല്‍ പാര്‍വലസ്‌ സസ്‌പിറ്റോ കുഴല്‍കിണറിലേക്കിറക്കും. അപകടത്തില്‍പ്പെട്ട കുട്ടിക്കു വെളിച്ചവും ഓക്‌സിജന്‍ കുഴലില്‍കൂടി വായുവും യഥേഷ്‌ടം ലഭിക്കും. കുട്ടിക്കു ബോധമുണ്ടെങ്കില്‍ ക്യാമറയ്‌ക്കൊപ്പമുള്ള സ്‌പീക്കര്‍വഴി ആശയവിനിമയവും സാധ്യമാകും. ക്യാമറയില്‍ കൂടി കുട്ടിയുടെ നില മനസിലാക്കിയ ശേഷം പുറത്തുനിന്ന്‌ യന്ത്രസഹായത്താല്‍ മുകളിലേക്ക്‌ ഉയര്‍ത്തും.

കുസാറ്റിന്റെ ക്ഷണം

എറണാകുളം ജില്ലാ ശാസ്‌ത്രമേളയില്‍ അവതരിപ്പിച്ച ബോര്‍വെല്‍ പാര്‍വലസ്‌ സസ്‌പിറ്റോ രക്ഷാ യന്ത്രത്തിന്റെ പ്രവര്‍ത്തനംകണ്ട്‌ കുസാറ്റ്‌ അധികൃതരുടെ പ്രത്യേക ക്ഷണവും ഇവര്‍ക്കു ലഭിച്ചു. ജനുവരി 21ന്‌ കുസാറ്റിലെത്തി രക്ഷാ യന്ത്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും പ്രദര്‍ശിപ്പിക്കും. കൂടാതെ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ വീഡിയോയും ചിത്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‌ ഇ-മെയില്‍ അയച്ചതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. പഴയ സ്‌ക്രാപ്പ്‌ മെറ്റീരിയല്‍സ്‌ ഉപയോഗിച്ചു നിര്‍മിച്ച ഈ മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു ലക്ഷം രൂപയോളം വരുമെന്നും ഇവര്‍ പറഞ്ഞു.