കുട്ടികള്‍ കളിച്ചുവളരട്ടെ സാര്‍; ഫുട്ബോള്‍ ഗ്രൗണ്ട് ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം
ശ്രീകണ്ഠപുരം: "എല്ലാവര്‍ക്കും അവരവരുടെ മക്കളെ ഡോക്ടറും എന്‍ജിനീയറുമാക്കണം...ഡോക്ടറാവണമെങ്കില്‍ വലിയ ആസ്പത്രികള്‍ വരണം. രോഗികള്‍ ഉണ്ടാവണം. കുട്ടികള്‍ കളിച്ചുവളര്‍ന്നാല്‍ രോഗികളുണ്ടാവില്ലല്ലോ..." രക്ഷാധികാരി ബൈജു എന്ന സിനിമയില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണിത്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിനും ആസ്പത്രിക്കുമായി ഊരത്തൂരിലെ കളിസ്ഥലം ഏറ്റെടുക്കാനൊരുങ്ങുമ്ബോള്‍ ഇവിടെത്തെ കായികപ്രേമികളും നാട്ടുകാരും അധികൃതരോട് ഒരേസ്വരത്തില്‍ പറയുന്നതും ഇതേ വാക്കുകളാണ് - 'കുട്ടികള്‍ കളിച്ചുവളരട്ടെ സാര്‍...'
ഊരത്തൂരിലെ സന്തോഷ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലമാണ് കല്യാട് പറമ്ബില്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിനായി ഏറ്റെടുക്കാനൊരുങ്ങുന്നത്. 300 കോടി രൂപ ചെലവില്‍ 311 ഏക്കറിലാണ് ഗവേഷണകേന്ദ്രം വരുന്നത്. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഒരുഭാഗത്തെ അതിര്‍ത്തിയോട് ചേര്‍ന്നാണ് സന്തോഷ് ക്ലബ്ബിന്റെ മൈതാനമുള്ളത്. മൈതാനത്തോടുചേര്‍ന്ന് പടിയൂര്‍ പഞ്ചായത്ത് ശ്മശാനവുമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങള്‍ ഒഴിവാക്കിയാലും ഗവേഷണകേന്ദ്ര നിര്‍മാണത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ക്ലബ്ബ് പറയുന്നത്. ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കളിസ്ഥലം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ക്ലബ്ബ് ഭാരവാഹികള്‍ കായികമന്ത്രി ഇ.പി.ജയരാജന് നിവേദനം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.മോഹനന്‍, ക്ലബ്ബ് പ്രസിഡന്റ് എ.അനില്‍കുമാര്‍, വി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദം നല്‍കിയത്.
1968-ലാണ് ഊരത്തൂരില്‍ സന്തോഷ് റിക്രിയേഷന്‍ ക്ലബ്ബ് രൂപവത്കരിക്കുന്നത്. അന്ന് ക്ലബ്ബിന് ലഭിച്ചതാണ് സ്ഥലം. സ്ഥലം നിരത്തി ഫുട്ബോള്‍മൈതാനമാക്കി മാറ്റി. വര്‍ഷങ്ങളായി ഫുട്ബോള്‍ ടൂര്‍ണമെന്റുകളും പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കായികമേളകളും ഈ ഗ്രൗണ്ടില്‍ നടത്താറുണ്ട്. പല ദേശീയതാരങ്ങളും ഈ മൈതാനത്ത് പന്ത് തട്ടിയിട്ടുണ്ട്. പി.എസ്.സി. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കല്യാട്, ഊരത്തൂര്‍, ആലത്തുപറമ്ബ് മേഖലകളിലുള്ളവര്‍ കായികക്ഷമതാ പരീക്ഷകള്‍ വിജയിക്കാനായി പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. നാട്ടുകാര്‍ രാവിലെ വ്യായാമത്തിനായും ഈ മൈതാനത്തെത്താറുണ്ട്.


0 Comments