കൂലിപ്രശ്നം: വളപട്ടണത്തെ സിമന്റിറക്ക് നിലച്ചിട്ട് ഒന്നരമാസം





വളപട്ടണം: റെയില്‍വേ ഗുഡ്സ്‌ ഷെഡിലെ വാഗണിലെത്തുന്ന സിമന്റ് ഇറക്കുന്നത് നിലച്ചിട്ട് ഒന്നരമാസം. ഇറക്കുമതി തൊഴിലാളികളുടെ പുതുക്കിയ കൂലി കൊടുക്കാനാവില്ലെന്ന സിമന്റ് ഡീലേഴ്സ് അസോസിയേഷന്റെ നിലപാട് കാരണമാണ് കയറ്റിറക്ക്‌ നിലച്ചത്. ഒക്ടോബര്‍ അഞ്ചുമുതലാണ് സിമന്റ് നീക്കം തീരെ ഇല്ലാതായത്. ചാക്ക് ഒന്നിന് 5 രൂപ 5 പൈസയായിരുന്നു കൂലി. 2019 ജൂണ്‍മുതല്‍ ചാക്ക് ഒന്നിന് ഒരുരൂപ അഞ്ചുപൈസ കൂട്ടി ആറ് രൂപ 10 പൈസയാക്കി. രണ്ട് വര്‍ഷത്തെ കൂലി കരാര്‍ മേയ് 30-ന് അവസാനിച്ചിരുന്നു. അതിനുശേഷം നിരവധിതവണ സിമന്റ് ഡീലേഴ്സ് അസോസിയേഷനെയും ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികളെയും അസി. ലേബര്‍ ഓഫീസര്‍, ഡെപ്യുട്ടി ലേബര്‍ ഓഫീസര്‍ എന്നിവര്‍ മാറി മാറി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും ഡീലേഴ്സ് അസോസിയേഷന്‍ പങ്കെടുത്തില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് താവം ബാലകൃഷ്ണന്‍ പറഞ്ഞു.

ഒടുവില്‍ ആറുരൂപ 10 പൈസ തന്നെ ജില്ലാ ഓഫീസര്‍ തീരുമാനിച്ചു. ഇത് നല്‍കാനാവില്ലെന്ന് പറഞ്ഞ് ഒക്ടോബര്‍ പകുതിമുതല്‍ സിമന്റിറക്ക്‌ എടക്കാട്, നീലേശ്വരം സ്റ്റേഷനുകളിലേക്ക് ഡീലര്‍മാര്‍ മാറ്റി. വാഗണുകള്‍ അവിടെ എത്തിത്തുടങ്ങി. എടക്കാട് ഇത്രയധികം കൂലി ഇല്ലെന്നാണ് സിമന്റ് വ്യാപാരികള്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ചുമുതല്‍ വളപട്ടണത്ത് സിമന്റ് കയറ്റുന്ന ലോറികള്‍ക്കും പണിയില്ലാതായി.

ഒരുതവണ ചുരുങ്ങിയത് 42 വാഗണുകളിലായി 265 ലോഡ് ഉണ്ടാവും. ഒരു ലോറിയില്‍ 200 ചാക്ക് കയറ്റാം. രാവിലെ 9മണിക്ക് ലോറിയില്‍ കയറ്റാന്‍ തുടങ്ങിയാല്‍ 2 മണിക്ക് തീരും . ലോറിപ്രശ്നം കാരണം വൈകിയാല്‍ റെയില്‍വേക്ക് ഡീലര്‍മാര്‍ ഡമറേജ് (വാടക) കൊടുക്കണം. ഒക്ടോബര്‍ ആദ്യം വളപട്ടണത്ത് വന്ന വാഗണിലെ സിമന്റ് ചുമട്ടുതൊഴിലാളികള്‍ എടുത്തില്ല. പുതുക്കിയ കൂലി ആവശ്യം ഉന്നയിച്ചു. ഡീലര്‍മാര്‍ അത് നല്‍കാന്‍ തയാറായില്ല. വാഗണിന് 10 ലക്ഷം രൂപ ഡമറേജ് സിമന്‍റ് ഡീലര്‍മാര്‍ റെയില്‍വേക്ക് അടക്കേണ്ടിവന്നുവെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.ബാബുരാജ് പറഞ്ഞു. ഒടുവില്‍ വളപട്ടണത്ത് വന്ന 32 വാഗണ്‍ നീലേശ്വരം റെയില്‍വേ യാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഒരു ചാക്ക് കയറ്റുല്‍ കൂലിയുടെ 27 ശതമാനം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലേക്ക് ഡീലര്‍മാര്‍ ലെവി അടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.