മട്ടന്നൂരില്‍ കായികവികസനരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും -മന്ത്രി ഇ.പി.ജയരാജന്‍





മട്ടന്നൂര്‍: കായികവികസനരംഗത്ത് മട്ടന്നൂര്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി. സ്കൂളില്‍ നവീകരിച്ച കളിസ്ഥലം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് വലിയ നിക്ഷേപത്തിന് താത്‌പര്യം അറിയിച്ചവരോട് മട്ടന്നൂരാണ് അനുയോജ്യമായ സ്ഥലമെന്ന് പറഞ്ഞിട്ടുണ്ട്.

മട്ടന്നൂരില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നീന്തല്‍ക്കുളം സ്ഥാപിക്കാന്‍ 15 കോടി രൂപയുടെ പ്രവൃത്തി തുടങ്ങാനിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന വിധത്തിലുള്ളതായിരിക്കും നീന്തല്‍ക്കുളം. എല്ലാ വിദ്യാലങ്ങളിലും യോഗ പരിശീലനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി ഉപജില്ലയില്‍ രണ്ട് യോഗ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭാധ്യക്ഷ അനിത വേണു അധ്യക്ഷതവഹിച്ചു. ഹാന്‍ഡ് വാഷ് പ്ലാറ്റ്‌ഫോം വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. എ.കെ.സുരേഷ്‌കുമാര്‍, പി.വി.ധനലക്ഷ്മി, കെ.വി.ജയചന്ദ്രന്‍, എം.കെ.നജ്മ, പ്രഥമാധ്യാപകന്‍ എം.പി.ശശിധരന്‍, എ.വി.രതീഷ്, പി.എം.അംബുജാക്ഷന്‍, എ.കെ.ശ്രീധരന്‍, ബേബി മനോജ തുടങ്ങിയവര്‍ സംസാരിച്ചു.