സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഓര്‍മ്മ ട്രോഫി എന്ന പേരില്‍ ഉപഹാരം നല്‍കാനൊരുങ്ങി സംഘാടകര്‍




കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും 'ഓര്‍മ്മ ട്രോഫി' എന്ന പേരില്‍ ഉപഹാരം നല്‍കാനൊരുങ്ങി സംഘാടകര്‍. 12,000 ട്രോഫികളാണ് ഇതിനായി തയാറാക്കുന്നത്. കാഞ്ഞങ്ങാടിന്റെ സ്‌നേഹം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മത്സരത്തിനെത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും നാടിനെ ഓര്‍മ്മപ്പെടുത്തുന്ന 'ഓര്‍മ്മ ട്രോഫി' എന്ന പേരില്‍ ഉപഹാരം നല്‍കാനാണ് ഇത്തവണ സംഘാടകരുടെ തീരുമാനം.

പേര് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ തന്നെ കുട്ടികള്‍ക്ക് ട്രോഫി നല്‍കും. ജില്ലയിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെയാണ് 'ഓര്‍മ്മ ട്രോഫി' തയാറാക്കുന്നത്. കൗമാര കലയുടെ ഉത്സവത്തിന് വിരുന്നെത്തുന്നവരെ മനം നിറഞ്ഞ് സ്‌നേഹിക്കാന്‍ ആതിഥേയര്‍ ഒരുങ്ങിക്കഴിഞ്ഞു. സാധാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി ബേക്കല്‍ കോട്ടയുടെ മാതൃകയില്‍ തീര്‍ത്ത കൊടിമരമാണ് കലോത്സവത്തിന് കാസര്‍ഗോഡിനെ വ്യത്യസ്തമാക്കുക.