മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്?​ കോണ്‍ഗ്രസ് എം.എല്‍.എമാരെ മദ്ധ്യപ്രദേശിലേക്ക് മാറ്റും,​ നടപടി തുടങ്ങി ബി.ജെ.പിയും





മുംബയ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. മദ്ധ്യപ്രദേശിലേക്ക് മാറ്റാനാണ് ആലോചന. അതേസമയം, തങ്ങള്‍ക്കൊപ്പമുള്ള വിമത എം.എല്‍.എമാരെ മാറ്റാന്‍ ബി.ജെ.പിയും നീക്കം നടത്തുന്നുണ്ട്. ഒമ്ബത് എന്‍.സി.പി എം.എല്‍.എമാരെ ബി.ജെ.പി ഡല്‍ഹിയില്‍ എത്തിക്കും.

എന്‍.സി.പിയുടെ 13 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍,​ സംയുക്തമായി ഉടന്‍ സുപ്രീം കോടതിയില്‍ പോകണമെന്നാണ് കോണ്‍ഗ്രസ് എന്‍.സി.പിക്കും ശിവസേനയ്ക്കും മുന്നില്‍വച്ചിരിക്കുന്ന നിര്‍ദേശം.

വിശ്വാസവോട്ടെടുപ്പില്‍ ഫഡ്നാവിസ് സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും. ബി.ജെ.പി നടപടി അന്തസില്ലായ്മയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് കരിദിനമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കും. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരു നിമിഷം പോലും വൈകിച്ചില്ലന്നും അദ്ദേഹം വ്യക്തമാക്കി.