എഡിജിപിക്ക്‌ മേല്‍നോട്ടച്ചുമതല ശബരിമലയില്‍ പഴുതടച്ച സുരക്ഷ



തിരുവനന്തപുരം; ശബരിമലയില്‍ ഇക്കുറിയും പൊലീസിന്റെ കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍. സന്നിധാനം, പമ്ബ, നിലയ്‌ക്കല്‍, എരുമേലി, പത്തനംതിട്ട ഭാഗങ്ങളിലായി 12,708 പൊലീസുകാരെ അഞ്ച് ഘട്ടത്തിലായി വിന്യസിക്കും. കഴിഞ്ഞ തീര്‍ഥാടനകാലത്ത് നാല് ഘട്ടമായിരുന്നു. ഉത്തരമേഖല എഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹേബിനായിരിക്കും മേല്‍നോട്ടച്ചുമതല.

ദക്ഷിണമേഖല ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ എന്നിവരെ ജോയിന്റ്‌ ചീഫ് കോ---ഓര്‍ഡിനേറ്റര്‍മാരായും ഡിഐജിമാരായ സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍, പി പ്രകാശ് എന്നിവരെ ഡെപ്യൂട്ടി ചീഫ് കോ--ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവാണ്‌ 'സ്പെഷ്യല്‍ ലെയിസണ്‍ ഓഫീസര്‍'. അടിയന്തരഘട്ടങ്ങളില്‍ ഇടപെടുന്നതിന് തണ്ടര്‍ബോള്‍ട്ടിന്റെ ഒരു പ്ലട്ടൂണ്‍ മണിയാറില്‍ നിലയുറപ്പിക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന്‌ 20 കമാന്‍ഡോകളടക്കം 50പേര്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുണ്ടാകും. ഇതിനുപുറമെ വ്യോമ നാവിക സേനയുടെ നിരീക്ഷണവും ഉണ്ടാകും.

മണ്ഡലപൂജയ്‌ക്കായി 16ന്‌ നട തുറക്കും. ഡിസംബര്‍ 27നാണ്‌ മണ്ഡലപൂജ. അന്നുതന്നെ നട അടയ്‌ക്കും. മകരവിളക്കിനായി 30 ന്‌ നട വീണ്ടും തുറക്കും. ചന്ദനകുടം ആഘോഷം ജനുവരി 11നും പേട്ട തുള്ളല്‍ 12നും മകരവിളക്ക്‌ 15നുമാണ്‌. ജനുവരി 20ന്‌ നട അടയ്‌ക്കും. മുന്ന്‌ രീതിയിലാണ്‌ പൊലീസ്‌ സുരക്ഷാപദ്ധതി തയ്യാറാക്കിയത്‌. പില്‍ഗ്രിം മാനേജ്‌മെന്റ്‌സ്‌കീം, ലോ ആന്‍ഡ്‌ ഓര്‍ഡര്‍ മാനേജ്‌മെന്റ്‌ സ്‌കീം, ശബരിമല ക്രൈസിസ്‌ മാനേജ്‌മെന്റ്‌ സ്‌കീം എന്നിവയാണത്‌. സുപ്രീംകോടതി വിധിയുടെയും ജസ്‌റ്റീസ്‌ ഹരിഹരന്‍നായര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെയും കേന്ദ്രഇന്റലിജന്‍സിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സുരക്ഷാപദ്ധതി. ഇന്റലിജന്‍സിന്റെ രഹസ്യനിരീക്ഷണവും ശക്തിപ്പെടുത്തും. തീവ്രവാദസംഘടനകളുടെ നീക്കം നിരീക്ഷിക്കും. അയല്‍സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സില്‍നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കും.