ജനാധിപത്യ സംവിധാനങ്ങൾ ഭീഷണി നേരിടുമ്പോൾ നെഹ്റുവാണ് മാർഗ്ഗദർശി;സതീശൻ പാച്ചേനി
ദേശീയതയെയും, ഭാരതീയ സംസ്കാരത്തെയും മതേതരമായി ദർശിക്കുകയും ജനാധിപത്യമാണ് രാജാധിപത്യമല്ല ഇന്ത്യയിൽ വാഴേണ്ടത് എന്ന് തിരിച്ചറിഞ്ഞ നെഹ്‌റുവിന്റെ ദീർഘവീക്ഷണം ജനാധിപത്യ സംവിധാനങ്ങൾ ഭീഷണിയിൽ നിൽക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണെന്നും രാജ്യത്തിന് മാർഗ്ഗദർശിയാണ് നെഹ്റുവെന്നും സതീശൻ പാച്ചേനി പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്‌റു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച പുഷ്പാർച്ചനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു പാച്ചേനി.
വർത്തമാന ഇന്ത്യ മറന്നു കൊണ്ടിരിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നെഹ്‌റു എല്ലാത്തരം വർഗ്ഗീയതയോടും ഉള്ള പോരാട്ടം ശക്തമാക്കുകയും ബഹുസ്വരത രാജ്യത്ത് നിലനിർത്താൻ കഠിനാധ്വാനം ചെയ്തത് നമ്മുടെ ഭരണാധികാരികൾ ഓർക്കണമെന്നും, നിയമനിർമ്മാണ സഭയിൽ സ്വന്തം പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളപ്പോഴും പ്രതിപക്ഷ ശബ്ദത്തിന് വില കല്പിച്ച വിശ്വമാനവനായിരുന്നു നവഭാരത ശില്പിയായ നെഹ്‌റു ജി എന്നും ഡി.സി.സി പ്രസിഡന്റ് സതീശൻപാച്ചേനി പറഞ്ഞു.
ചടങ്ങിൽ അഡ്വ.മാർട്ടിൻ ജോർജ്ജ്, വി.വി.പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എൻ.പി.ശ്രീധരൻ, മുണ്ടേരി ഗംഗാധരൻ, എം.പി.വേലായുധൻ, സുരേഷ് ബാബു എളയാവൂർ, സി.ടി.ഗിരിജ, പൊന്നമ്പത്ത്ചന്ദ്രൻ റഷീദ് കവ്വായി, കാട്ടാമ്പള്ളി രാമചന്ദ്രൻ, സി.വി.സന്തോഷ്, അജിത്ത് മാട്ടൂൽ, പി മുഹമ്മദ് ഷമ്മാസ്, ടി.സി.താഹ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments