അയോധ്യയിലെ പശുക്കളിനി കോട്ടിട്ടുനടക്കും



അയോധ്യ: തണുപ്പുകാലം അടുത്തതോടെ ഗോശാലകളിലെ പശുക്കളെ ചണംകൊണ്ടുള്ള കോട്ടണിയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

നാലുഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യം കോട്ടുകിട്ടുക ബൈശിംഗ്പുര്‍ ഗോശാലയിലെ 1200 കാലികള്‍ക്കാണ്. 700 കാളകളും ഇതിലുള്‍പ്പെടും. ഘട്ടംഘട്ടമായി മറ്റു ഗോശാലകളിലെ പശുക്കള്‍ക്കും കോട്ട് കിട്ടും. 250-300 രൂപ വിലവരുന്ന കോട്ടുകള്‍ ഈ മാസം അവസാനത്തോടെ എത്തുമെന്ന് നഗരസഭാ കമ്മിഷണര്‍ നീരജ് ശുക്ല അറിയിച്ചു.

പശുക്കുട്ടികള്‍ക്കായി മൂന്ന് പാളികളുള്ള കോട്ട് തുന്നും. ശരീരത്തോടുചേര്‍ന്നുള്ള പാളി നനുത്ത തുണികൊണ്ടുള്ളതാവും. പശുക്കള്‍ക്കും കാളകള്‍ക്കും പ്രത്യേകം കോട്ടുകളാണ് തയ്യാറാക്കുക. ഗോശാലകളിലെ ചൂട് നിലനിര്‍ത്തുന്നതിനായി തീകൂട്ടി നെരിപ്പോടുണ്ടാക്കാനും പദ്ധതിയുണ്ട്.

പശുക്കളെ സേവിക്കുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്താകമാനം പദ്ധതി നടപ്പാക്കുമെന്നും അയോധ്യ മേയര്‍ റിഷികേശ് ഉപാധ്യായ് പറഞ്ഞു