മഴക്കുറവിലും അധികമഴ; തുലാം പ്രതീക്ഷക്കപ്പുറം
തൃശൂര്‍: ഒരാഴ്ചയില്‍ അധികമായി സംസ്ഥാനത്ത് മഴ കുറവാണെങ്കിലും തുലവര്‍ഷം അധികമഴയിലാണ്. ഒരു പതിറ്റാണ്ടിനിടെ ഇത്രമേല്‍ അധികമഴ ലഭിച്ച ചരിത്രമില്ല. 76 ശതമാനം അധികമഴയാണ് ഒരുമാസവും മൂന്ന് ദിവസവും അവസാനിക്കാനിരിക്കെ കേരളത്തിന് ഇതുവരെ ലഭിച്ചത്. 453 മില്ലീമീറ്ററിന് പകരം 796 മി.മീ മഴ ബുധനാഴ്ച വരെ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു മഴമാപിനിയിലും ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ബുധനാഴ്ച രാവിലെ 8.30 വരെ മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടില്ല. ചില മേഖലകളില്‍ ചിണുങ്ങിയതൊഴിച്ച് മഴ മാറിനില്‍ക്കുന്നതിന് സമാനമാണ്. തുലാവര്‍ഷം ഒക്ടോബര്‍ 15ന് പിന്നാലെയാണ് എത്തിയതെങ്കിലും ആദ്യത്തില്‍ ലഭിച്ച അതിതീവ്ര മഴയാണ് അധികമഴ ലഭിക്കാന്‍ ഇടയാക്കിയത്. ശരാശരി മഴ പ്രവചനമാണ് കലാവസ്ഥ വകുപ്പ് നടത്തിയതെങ്കിലും അത് മാറ്റിയെഴുതാന്‍ അറബിക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റുകള്‍ക്ക് സാധിച്ചു.
മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ടിരുന്ന ന്യൂനമര്‍ദം ഒക്ടോബര്‍ 20ന് ക്യാര്‍ ചുഴലിക്കാറ്റായി മാറിയിരുന്നു. പിന്നാലെ മഹാ ചുഴലിക്കാറ്റ് എത്തിയതോടെ ചരിത്രവുമായി. ഇത് അതിതീവ്ര മഴക്ക് കാരണമായി. മഹാക്ക് ശേഷം ബുള്‍ബുള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റും കേരളത്തില്‍ മഴ ലഭിക്കാനിടയാക്കി. തുടര്‍ന്ന് നവംബര്‍ ആദ്യവാരത്തിലും മഴ ലഭിെച്ചങ്കിലും പിന്നീട് കുറയുകയായിരുന്നു.
തുലാമഴയില്‍ കോളടിച്ചത് കാസര്‍കോട് ജില്ലക്കാണ്. 1209 മി.മീ. അധികമഴയാണ് ജില്ലക്ക് ലഭിച്ചത്. 323ന് പകരം 1532 മി.മീ. മഴയാണ് ഇവിടെ ലഭിച്ചത്. 370 ശതമാനം അധികമഴയാണിത്. കണ്ണൂരിന് 151 ശതമാനവും എറണാകുളത്തിന് 146 ശതമാനവും അധിക മഴ ലഭിച്ചു. കോഴിക്കോട് (116), മലപ്പുറം (103), തൃശൂര്‍ (95) എന്നിങ്ങനെയാണ് അധികമഴ ശതമാന കണക്ക്. 70 ശതമാനത്തിന് മുകളില്‍ മഴ ലഭിച്ച എട്ടു ജില്ലകളിലാണ് അധികമഴ പട്ടികയിലുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശരാശരിക്ക് മുകളിലാണ് മഴ. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ശരാശരി മഴയുള്ളത്. എന്നാല്‍, ഒരു ജില്ലയിലും ശരാശരിക്ക് താഴെ പോയിട്ടില്ല.


0 Comments