തീവ്രവാദത്തിന്റെ കഥയറിയാതെ കനകമല






പെരിങ്ങത്തൂർ:ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കനകമല ഭീകരവാദ കേസിൽ ഒടുവിൽ വിധി വന്നു. കനകമലയ്ക്കടുത്ത് അണിയാരത്ത് ദീർഘകാലം താമസക്കാരനായിരുന്ന ഒന്നാംപ്രതി മൻസിദിനാണ് 14 വർഷം തടവ്. ഇയാളുടെ നേതൃത്വത്തിലാണ് സംഘമെത്തുന്നത്.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കനകമലയിൽ തീവ്രവാദ ഗൂഢാലോചനയ്ക്ക് അഞ്ചുപേരെത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ച എൻ.ഐ.എ. സംഘം 2016 ഒക്ടോബർ രണ്ടിന് ഞായറാഴ്ച രാവിലെയാണ് കനകമലയിലെത്തുന്നത്. മാഹിയിൽനിന്ന് ഓട്ടോയിൽ മേക്കുന്നിലെത്തിയ മൻസീദും കൂട്ടരും നടന്ന് കനകമലയിലെത്തി. ഇവരുടെ യാത്രകൾ നേരത്തെ തന്നെ എൻ.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു.
ഉദ്വേഗത്തിന്റെ നിമിഷങ്ങളിൽ മലയിലേക്കുള്ള വഴികൾ ജനനിബിഡമായി. പോലീസിന് നിയന്ത്രിക്കാനാവാത്ത സ്ഥിതി. മലയിലെ മൊബൈൽ ടവറിനടിയിൽ തീവ്രവാദികളെന്നുപറയുന്ന അഞ്ചുപേരെയും എൻ.ഐ.എ. സംഘം ഇരുത്തി. ഇവരെ കാണണമെന്ന് ജനക്കൂട്ടം ആക്രോശിച്ചത് എൻ.ഐ.എ. സംഘത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്.
വൈകീട്ട് നാലുമണിയോടെ അഞ്ചുപേരെയും മുഖം മൂടിയിട്ട് വാഹനത്തിൽ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ഇറങ്ങി. എൻ.ഐ.എ. ഐ.ജി. അനുരാഗ് തംഗ്, ഉദ്യോഗസ്ഥരായ വിക്രം, എ.പി.ഷൗക്കത്തലി എന്നിവർ വാഹനത്തിൽ നിന്ന് പുറത്തേക്ക്. ജനം വീണ്ടും അലറിവിളിച്ചു. 'മുഖംമൂടി മാറ്റണം, ഞങ്ങൾക്ക് കാണണം. ഏറെ പ്രയാസപ്പെട്ട് ജനക്കൂട്ടത്തിനിടയിലൂടെ പ്രതികളെയും കൊണ്ട് എൻ.ഐ.എ. | കൊച്ചിയിലേക്ക്.

പിന്നീടാണ് മൻസീദ് നേതൃത്വം നൽകുന്ന തീവ്രവാദസംഘമാണ് പിടിയിലായതെന്നും ഇയാൾ കനകമലയ്ക്കടുത്ത അണിയാരത്താണ് താമസിക്കുന്നതെന്നും നാട്ടുകാർ അറിയുന്നത്. കനകമലയിലെത്തുന്നവർക്കും ചുറ്റുമുള്ളവർക്കും ഇവരെ ശിക്ഷിച്ച കോടതിവിധിയാണിപ്പോൾ ചർച്ചാവിഷയം.