സന്നിധാനത്ത് ശുചീകരണയജ്ഞം നടത്തി




പത്തനംതിട്ട: അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വിരിവെയ്ക്കുന്നതിനുമായി വലിയനടപ്പന്തല്‍, മാളികപ്പുറം, തിരുമുറ്റം, പതിനെട്ടാംപടി തുടങ്ങിയ ഇടങ്ങളില്‍ സന്നിധാനത്തെ വിവിധവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ശുചീകരണയജ്ഞം നടത്തി. ഭക്തജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാത്ത രീതിയില്‍ ഉച്ചയ്ക്ക് നട അടച്ച ശേഷം ആരംഭിച്ച ശുചീകരണം മൂന്നുമണിക്കൂറോളം നീണ്ടു.

ഹൈപ്രഷര്‍ ഹൈഡ്രന്റ് പമ്ബയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്‌ ശുചിയാക്കുന്നതിനോടൊപ്പം വിശുദ്ധിസേനാംഗങ്ങളും ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തുന്ന മരാമത്ത് പണികളും, നിരന്തരമുള്ള ട്രാക്‌ട്രര്‍ സര്‍വീസ് മൂലമുള്ള പൊടിപടലങ്ങള്‍ മാറ്റുന്നതിന് പോലീസ് കണ്‍ട്രോള്‍ റൂം, ദേവസ്വം എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യാനുസരണം തുടര്‍ച്ചയായി ഇനിയും ശുചീകരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.