മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പഠനപ്രശ്ന പരിഹാര ക്യാമ്പ് ''ആശാകിരണം -2019''   സംഘടിപ്പിച്ചു

പഠന പിന്നോക്കാവസ്ഥ, ലഹരി ആഭിമുഖ്യം തുടങ്ങി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് അവരിൽ പഠനാഭിമുഖ്യം  വളർത്തുന്നതിനുള്ള പേരാവൂർ എക്സൈസിന്റെ 'ആശാ കിരണം - 2019' പദ്ധതി മണത്തണ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.

ജില്ലാ ഹോമിയോ വകുപ്പിന്റെ 'സദ്ഗമയ' പദ്ധതിയുടെ സഹകരണത്തോടെയാണ് പഠനപ്രശ്ന പരിഹാരവിദഗ്ധരായ ഡോക്ടർമാരെ ഉൾക്കൊള്ളിച്ച് മെഡിക്കൽ ക്യാമ്പ്, കൗൺസലിംങ്ങ്, ക്ലാസ് എന്നിവ സംഘടിപ്പിച്ചത്.

മണത്തണ ഗവ:ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് ആശാകിരണം - 2019 ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് എം.സന്തോഷ് അധ്യക്ഷത വഹിച്ചു. സദ്ഗമയ ജില്ലാ കൺവീനർ ഡോ.അനീന പി.ത്യാഗരാജ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ എം.സുകേഷ്, ബിന്ദു സോമൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.വി.ഷാജു, ഹൈസ്ക്കൂൾ പ്രധാനാധ്യാപിക വി.കെ.വിൻസി, സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് റിട്ട.അധ്യാപകനും പഠന പ്രചോദന വിദഗ്ധനുമായ എം.സഹദേവൻ മാസ്റ്റർ വിദ്യാർത്ഥികൾക്കായി 'പഠനം മധുരം' എന്ന പഠനപ്രചോദന ക്ലാസ് നടത്തി. ഡോ.ടി.ജി.മനോജ് കുമാർ, ഡോ.യു.കെ.കാസിം എന്നിവർ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് വിദഗ്ധ ഡോക്ടർമാർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് കൗൺസലിങ് നടത്തി.

വിമുക്തി പദ്ധതിയുടെ ഭാഗമായാണ് 'ആശാകിരണം - 2019' സംഘടിപ്പിക്കുന്നത്. ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായാണ് പദ്ധതി. എക്സൈസിനൊപ്പം സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്നാണ് പരിപാടിയുടെ സംഘാടനം നിർവ്വഹിക്കുന്നത്.

മുൻപും സ്കൂളിൽ നടത്തിയ 'ആശാ കിരണം' പദ്ധതി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ്  ഇപ്പോൾ സംഘടിപ്പിച്ച പരിപാടി. മുൻപ് പങ്കെടുത്ത വിദ്യർത്ഥികൾക്കുള്ള ഫോളോ അപ് ക്യാംപും ഇതോടനുബന്ധിച്ച് നടന്നു.

സദ്ഗമയ ജില്ലാ കൺവീനർ ഡോ.അനീന പി.ത്യാഗരാജ്,  മെഡിക്കൽ ഓഫീസർമാരായ ഡോ.ടി.ജി.മനോജ്കുമാർ, പുനർജ്ജനി ജില്ലാ കൺവീനർ ഡോ.യു.കെ.കാസിം, ഡോ.കെ.എസ്.ചിത്ര, ഡോ.ഇ.പി.മനോജ്, ഡോ.ഇ.പി.ജയ്സി എന്നിവർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ്ങ് നൽകി.  
ഹൈസ്ക്കൂൾ വിഭാഗം ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ പി.ജെ.ജോസുകുട്ടി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, സിഇഒ കെ.എ.മജീദ്, വനിത സിഇഒ കെ.കെ.അമൃത,  കെ.ടി.ജോർജ്ജ്, ഫാർമസിസ്റ്റ് എം.അർജ്ജുൻ, ബിന്ദു ജോളി, മംഗളാദേവി തുടങ്ങിയവർ സംഘാടനം നിർവ്വഹിച്ചു.
 തുടർകൗൺസലിങ് ആവശ്യമുള്ളവർക്ക് വേണ്ട സഹായവും സദ്ഗമയ നൽകും.