ഖേലോ ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പ് നേട്ടവുമായി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി
ഇരിട്ടി : ദേശീയ കായിക മന്ത്രാലയം നല്‍കുന്ന ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പ് നേട്ടവുമായി കാക്കയങ്ങാട് പഴശ്ശിരാജ അക്കാദമി. ഇവിടുത്തെ 6 കുട്ടികള്‍ക്കാണ് 2018-19 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ സെക്രട്ടറിജനറല്‍ അഡ്വ. പൂന്തുറ സോമന്റെ ഇടപെടലിന്റെ ഭാഗമായി ഖേലോ ഇന്ത്യ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ബംഗ്‌ളുരുവില്‍ നടന്ന ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ പഴശ്ശിരാജ കളരി അക്കാദമിയിലെ പി.ഇ.അനശ്വര മുരളീധരന്‍, ആരോമല്‍ ബാബു, കെ.അനുശ്രീ, ആര്‍ച്ച ബാബു, എ.അശ്വിനി, എ.ശ്രീഷ്ണു എന്നിവര്‍ക്കാണ് നേട്ടം. ഓരോരുത്തര്‍ക്കും 10,000 രൂപ വീതം 12 മാസത്തേക്ക് ലഭിക്കും. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചത് പഴശ്ശിരാജയിലാണ്.
കഴിഞ്ഞ 7 വര്‍ഷമായി പഴശ്ശിരാജ കളരി അക്കാദമിയിലെ പരിശീലകനും ദേശീയ ടെക്‌നിക്കല്‍ കമ്മിറ്റി അംഗവുമായ പി.ഇ.ശ്രീജയന്‍ ഗുരുക്കളുടെ കീഴിലാണ് ഇവര്‍ നേട്ടം കൈവരിച്ചത്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 50 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 85 പേര്‍ സൗജന്യ കളരി പരിശീലനം നേടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ 4 സ്വര്‍ണവും 6 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 17 മെഡലുകള്‍ നേടി പഴശ്ശിരാജ കളരി അക്കാദമി മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള സൗജന്യ സ്വയംരക്ഷാ പരിശീലനവും ആരോഗ്യ രക്ഷാ ക്ലാസുകളും ശ്രീജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.


0 Comments