മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; മാവോവാദികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി



കൊച്ചി: പാലക്കാട് മഞ്ചക്കണ്ടിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. മൃതദേഹം സംസ്കരിക്കാമെന്ന പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാർത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കൾ പാലക്കാട് സെഷൻസ് കോടതിയെ സമിപിച്ചിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം സംസ്കരിക്കാൻ അനുവാദം നൽകി. ഇതിനെതിരെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ഈ മരണവുമായി ബന്ധപ്പെട്ട പുകമറ നീങ്ങണമെന്നും കോടതി പരാമർശിച്ചു.

മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയർന്നതോടെയാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കൾ കോടതിയെ സമീപിച്ചത്. സി.പി.ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. കേസ് പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.