മകന്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി; സംഭവത്തിനിടെ വീട്ടമ്മയുടെ മാലമോഷ്ടിച്ച്‌ വീട്ടുജോലിക്കാരി മുങ്ങി; സംഭവം തിരുവനന്തപുരത്ത്








തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആറ്റുകാല്‍ ഐരാണിമുട്ടം കല്ലുവിള പുത്തന്‍ വീട്ടില്‍ ടി. സി. 22/1068ല്‍ ഗോമതിയാണ് മരിച്ചത്. മകന്‍ കല്ല് കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് ഗോമതി അബോധാവസ്ഥയിലായപ്പോള്‍ മാല മോഷ്ടിച്ചെന്ന കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ആറ്റുകാല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ ബീന (42)യെയാണ് അറസ്റ്റിലായത്.

നവംബര്‍ ഒന്നിനായിരുന്നു മകന്‍ രജികുമാര്‍ ഗോമതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോമതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഗോമതി അടിയേറ്റ് തലപൊട്ടിക്കിടക്കുമ്ബോള്‍ ഇവര്‍ മാല മോഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. അമ്മയെ അടിച്ച ശേഷം മുറിയില്‍ കയറിയ രജികുമാറിനെ പൂട്ടിയിട്ട് ഗോമതിയുടെ മാല ബീന ഊരിയെടുത്തെന്നാണ് കേസ്.

ഗോമതി മരിച്ചശേഷം മകള്‍ നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് മാല മോഷണം കണ്ടെത്തിയത്. രജികുമാര്‍ മാത്രമല്ല ഗോമതിയെ ആക്രമിച്ചതെന്ന് പോലീസിനു സംശയമുണ്ട്. ബീനയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഫോര്‍ട്ട് പോലീസ് ഇന്‍സ്പെക്ടര്‍ എ. കെ. ഷെറിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.