ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം






ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് എംഎൽഎയുടെ ജീവിത സഖി.

ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ലി​നി​ക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. കണ്ടമാത്രയിൽ തന്നെ ഡോക്ടറെ എംഎൽഎക്ക് ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നി​ശ്ചയി​ച്ചു. മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം.

തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ എബ്രഹാം. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹം വളരെ ലളിതമായി നടത്താനാണ് തീരുമാനം.