ഹൈടെക്' ആയത് അയ്യായിരം അമ്മമാര്‍





മാനന്തവാടി: ലിറ്റില്‍ കൈറ്റ്‌സിന്റെ ഹൈടെക് ക്ലാസില്‍ പങ്കെടുത്ത് ജില്ലയിലിതുവരെ പരിശീലനം നേടിയത് 4,900 അമ്മമാര്‍. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. മാറിയകാലത്ത് ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗം അമ്മമാരെ കൂടി പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ തന്നെയാണ് അമ്മമാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച്‌ ക്ലാസെടുക്കുന്നത്. പരിഷ്കരിച്ച ഒമ്ബത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ

ക്യൂ.ആര്‍. കോഡ് സ്കാന്‍ചെയ്ത് റിസോഴ്‌സുകള്‍ ഉപയോഗിക്കുന്ന വിധം, ഇന്റര്‍നെറ്റില്‍നിന്ന് എങ്ങനെ ആവശ്യമായ വിവരങ്ങള്‍ കണ്ടെത്താം, സമഗ്ര പോര്‍ട്ടലിലെ പഠനവിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് അമ്മമാരെ പഠിപ്പിച്ചത്. അമ്മമാരുടെ ഫോണില്‍ ആവശ്യമായ അപ്ലിക്കേഷനുകളും വിദ്യാര്‍ഥികള്‍തന്നെ ഡൗണ്‍ലോഡ് ചെയ്തു നല്‍കി. വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 77 യൂണിറ്റുകളാണ് ജില്ലയില്‍ ലിറ്റില്‍കൈറ്റ്‌സിന് ഉള്ളത്. ഇതില്‍ 74 യൂണിറ്റുകളില്‍നിന്നുള്ള 2,200 വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളുടെ പഠനത്തിന് തടസ്സമാവത്ത രീതിയിലാണ് പരിശീലനം. ഒക്ടോബര്‍ അഞ്ചുമുതലാണ് ജില്ലയില്‍ പരിശീലനം തുടങ്ങിയത്.

വീട്ടിലെ പഠനത്തിന് സഹായകമാവും

ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനം നേരത്തെ നല്‍കിയിരുന്നു. അമ്മമാര്‍ക്ക് പരിശീലനം നല്‍കുന്നതുവഴി ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളല്ലാത്ത വിദ്യാര്‍ഥികളുടെ പഠനംകൂടി എളുപ്പത്തിലാക്കാനാവും. ഫോണ്‍ ഉപയോഗിച്ച്‌ പാഠപുസ്തകത്തിലെ ക്യൂ.ആര്‍. കോഡ് സ്കാന്‍ ചെയ്ത് അമ്മമാര്‍ക്ക് കുട്ടികളെ പഠനത്തില്‍ സഹായിക്കാനാവും. ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികളും വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ പഠനസംബന്ധമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച്‌ കണ്ടെത്തി നാല്‍കാനും അമ്മമാര്‍ക്കാവും.

കുട്ടികള്‍ക്കുള്ള പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി

അമ്മമാര്‍ക്ക് ക്ലാസെടുത്ത് നല്‍കുന്നതിന് മുമ്ബ് ലിറ്റില്‍ കൈറ്റ്‌സില്‍ അംഗങ്ങളായ കുട്ടികള്‍ക്കുള്ള പരിശീലനം പനമരത്തുള്ള കൈറ്റ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നല്‍കിയത്. അമ്മമാര്‍ക്ക് ക്ലാസെടുത്ത് നല്‍കേണ്ടവിധം, എന്തൊക്കെ കാര്യങ്ങള്‍ പഠിപ്പിച്ചുനല്‍കണം തുടങ്ങിയ കാര്യങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി വിദ്യാര്‍ഥികളെ പഠിപ്പിച്ചത്.

പഠനം രസകരമാവും

ഡിജിറ്റല്‍ സോഴ്‌സ് ഉപയോഗിച്ചുള്ള പഠനത്തില്‍ കുട്ടികളെ സഹായിക്കാന്‍ അമ്മമാരും ഒപ്പമുണ്ടാവുമ്ബോള്‍ പഠനം എളുപ്പവും രസകരവുമാവും. ഇതുവഴി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താനാവും. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അമ്മമാരുടെ അറിവും കൂടും.

വി.ജെ. തോമസ്-കൈറ്റ്‌സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍