അതുല്യയെത്തി; സര്‍ക്കാരിന്റെ സഹായത്തിനു നന്ദിയുമായി.....


തിരുവനന്തപുരം: "ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ശരിയാകും. മകള്‍ക്ക്‌ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കും ഈ സര്‍ക്കാരും ഈ നാടും കൂടെയുണ്ട്‌"- ട്രാക്കില്‍ കുതിച്ചുപാഞ്ഞിരുന്ന അതുല്യ രോഗക്കിടക്കയിലാണെന്നറിഞ്ഞപ്പോള്‍ കായികമന്ത്രി മന്ത്രി ഇ.പി. ജയരാജന്‍ സാന്ത്വനിപ്പിച്ചു. അതു പാഴ്‌വാക്കായില്ല. ചികിത്സാസഹായമായി കായിക വികസനനിധിയില്‍നിന്നു മൂന്നു ലക്ഷം രൂപ അനുവദിച്ചു. ചികിത്സയ്‌ക്കിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നേരിട്ടെത്തി മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കി. എട്ടു മാസത്തെ ചികിത്സയ്‌ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന അതുല്യ ഇന്നലെ മന്ത്രി ജയരാജനെ കാണാനെത്തി. കാലില്‍ വീണു നന്ദി പറയാന്‍ തുനിഞ്ഞ അതുല്യയെ പിടിച്ചെണീല്‍പ്പിച്ച്‌ മന്ത്രി പറഞ്ഞു. "ഒരു കൈ തന്നെ ധാരാളം. കാലില്‍ വീഴുന്നത്‌ ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടെ ഭാഗമാണ്‌."
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്‌ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമായിരുന്നു അതുല്യ. തലച്ചോറിലെ അണുബാധയായിരുന്നു ആദ്യം പ്രശ്‌നം. ചികിത്സയെത്തുടര്‍ന്ന്‌ ട്രാക്കില്‍ തിരിച്ചെത്തി. പിന്നീടും തളര്‍ന്നു വീണതോടെ നടത്തിയ പരിശോധനയിലാണ്‌ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണെന്നു കണ്ടെത്തിയത്‌. കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിായിരുന്ന മകളെ തുടര്‍ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിക്കാന്‍ സഹായംതേടിയലഞ്ഞ പിതാവ്‌ സജിയുടെ നിസഹായാവസ്‌ഥ പുറത്തു വന്നതോടെയാണു മന്ത്രി ഇടപെട്ട്‌ മികച്ച ചികിത്സ ഉറപ്പാക്കിയത്‌.
വൈകാതെ പരിശീലനം തുടങ്ങാനാകുമെന്നാണ്‌ പ്രതീക്ഷ. ട്രാക്കിലെന്ന പോലെ പഠനത്തിലും മികവ്‌ കാട്ടുന്ന താരം പ്ലസ്‌ ടുവിന്‌ 83 ശതമാനം മാര്‍ക്ക്‌ നേടിയിരുന്നു. പാലാ അല്‍ഫോന്‍സാ കോളജില്‍ ബിരുദവിദ്യാര്‍ഥിനിയായ അതുല്യ കോട്ടയം എരുമേലി സ്വദേശിയാണ്‌.