പ്ലാസ്റ്റിക്ക് നിരോധനം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും;നിയമം ലംഘിച്ചാല്‍ വന്‍തുക പിഴ
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് നിരോധനം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക്ക് വസ്തുകള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല, പ്ലാസ്റ്റിക്ക് വസ്തുക്കള്‍ സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഏതു കനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്. ലംഘിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നതാണ്.
എന്നാല്‍, മുറിച്ചുവച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു വ്യാപാര വ്യവസായ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആദ്യ ഉത്തരവില്‍ ഇളവു വരുത്തി സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്.
ക്യാരിബാഗ്, ടേബില്മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ് സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, സ്റ്റിറര്‍, ഡിഷ്, തെര്‍മോക്കോള്‍ അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക്ക്കോടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വലിയ ദുരിതങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും കൂടുതലാണ്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണം ആവശ്യമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രാന്‍ഡഡ് ഉത്പന്നങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവയുടെ ഉത്പാദകരും വില്പനക്കാരും ഇറക്കുമതിക്കാരും ബ്രാന്‍ഡഡ് ഉത്പന്ന പായ്ക്കറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്നു തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിക്കണമെന്നും പാലിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബിവറേജസ് കോര്പറേഷന്, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അഥോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിംഗ് നടത്തുന്ന മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്


0 Comments