തദ്ദേശസ്ഥാപനങ്ങളില്‍ ഒരുവാര്‍ഡ്‌ വീതം കൂട്ടും ; ഓര്‍ഡിനന്‍സ്‌ ഇറക്കും


സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നുവീതം വര്‍ധിപ്പിക്കും. ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്റ്റും കേരള മുനിസിപ്പാലിറ്റി ആക്റ്റും ഭേദഗതി ചെയ്യും. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. നിലവില്‍ പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13-ല്‍ കുറയാനോ 23-ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെ ആക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയില്‍ വര്‍ധിക്കും. ജില്ലാപഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16 -ല്‍ കുറയാനോ 32-ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെ ആക്കാനാണ് നിര്‍ദേശം.

മുനിസിപ്പല്‍ കൗണ്‍സിലിലും ടൗണ്‍പഞ്ചായത്തിലും ഇരുപതിനായിരത്തില്‍ കവിയാത്ത ജനസംഖ്യയ്ക്ക് നിലവില്‍ 25 അംഗങ്ങളാണുള്ളത്. ഭേദഗതി പ്രകാരം ഇത്‌ 26 ആകും. പരമാവധി 52 എന്നത് 53 ആകും.നാല് ലക്ഷത്തില്‍ കവിയാത്ത കോര്‍പറേഷനില്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും. ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വര്‍ധനയ്‌ക്ക്‌ ആനുപാതികമായി എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം.