പൊതുമരാമത്ത് നിര്‍മാണം: അവശിഷ്ടം നീക്കിയില്ലെങ്കില്‍ അഞ്ചു ലക്ഷം വരെ പിഴ
കൊച്ചി: പൊതുമരാമത്ത് നിര്‍മാണത്തിലെ അവശിഷ്ടങ്ങളും മാലിന്യവും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന കരാറുകാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. ഇത്തരം കരാറുകാര്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴ ചുമത്താനാണ് തീരുമാനം. നിര്‍മാണസ്ഥലങ്ങളില്‍ അവശിഷ്ടം കുന്നുകൂടുന്നതും ശാസ്ത്രീയമായി സംസ്കരിക്കാത്തതും യാത്രക്കാരുടെ ജീവനുവരെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. റോഡ്, പാലം, കെട്ടിട നിര്‍മാണം, പഴയവ പൊളിച്ചുമാറ്റല്‍ എന്നീ ജോലികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അവശിഷ്ടങ്ങളും മാലിന്യവും സ്ഥലത്തുനിന്ന് ശാസ്ത്രീയമായി നീക്കുകയും സംസ്കരിക്കുകയും ചെയ്യണമെന്ന് 2012ലെ പരിഷ്കരിച്ച പൊതുമരാമത്ത് മാന്വലില്‍ അനുശാസിക്കുന്നുണ്ട്. പുനരുപയോഗത്തിനു സാധ്യമായവ അത്തരത്തിലും പ്രയോജനപ്പെടുത്തണം.
കരാറുകാരനാണ് ഇതിെന്റ പൂര്‍ണ ഉത്തരവാദിത്തം. എന്നാല്‍, നിര്‍ദേശം ലംഘിച്ചാല്‍ പിഴയീടാക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ പല കരാറുകാരും കൃത്യമായി പാലിക്കാറുമില്ല. അവശിഷ്ടങ്ങള്‍ നിര്‍മാണസ്ഥലത്ത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതും യാത്രക്കാരുടെയും വാഹനങ്ങളുടെയും സുഗമസഞ്ചാരത്തിനു ഭീഷണിയാകും വിധം കുന്നുകൂട്ടിയിടുന്നതും പലപ്പോഴും അപകടങ്ങള്‍ക്കുവരെ കാരണമാകാറുണ്ട്. കരാറുകാര്‍ക്ക് പലതവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഫലമില്ലാത്തതുകൊണ്ടാണ് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്.
കുറഞ്ഞത് ഒരു ലക്ഷവും കൂടിയത് അഞ്ചു ലക്ഷവും എന്ന വ്യവസ്ഥക്ക് വിധേയമായി എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം എന്ന നിരക്കാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം ചീഫ് എന്‍ജിനീയറാണ് ശിപാര്‍ശ സര്‍ക്കാറിനു സമര്‍പ്പിച്ചത്. പിഴ ചുമത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊതുമരാമത്ത് മാന്വലിലെ ബന്ധപ്പെട്ട വ്യവസ്ഥയില്‍ ഇതിനനുസൃതമായി മാറ്റം വരുത്തും.


0 Comments