കാത്തിരിപ്പിന് വിരാമം; ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം 23-ന്
ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിന്റെ ഉദ്ഘാടനം 23-ന് നടക്കും. ഇരിട്ടി പഴയപാലം റോഡില്‍ ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. രണ്ടുമാസം മുന്‍പാണ് ഇരിട്ടിക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് അനുവദിച്ചത്. കെട്ടിട സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പ്രവര്‍ത്തനം വൈകുകയായിരുന്നു. ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ ഉള്‍പ്പെടെയുള്ള റവന്യൂ സംഘവും ജനപ്രതിനിധികളും നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് കെട്ടിടം അനുവദിച്ചുകിട്ടിയത്.
ഇപ്പോള്‍ കൂത്തുപറമ്ബിലെയും തളിപ്പറമ്ബിലെയും ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിന് കീഴില്‍ വരുന്ന ഇരിട്ടി താലൂക്ക് പരിധിയിലെ റവന്യൂ വില്ലേജുകളിലെ ഭൂമിസംബന്ധമായ ഫയലുകളെല്ലാം ഇതോടെ ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസിലേക്ക് മാറും. ഇതോടെ മേഖലയിലെ പട്ടയ, കൈവശരേഖ തുടങ്ങിയ ഭൂപ്രശ്നങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, രണ്ടുവീതം സീനിയര്‍, ജൂനിയര്‍ ക്ലാര്‍ക്ക്, പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകളും ഇരിട്ടി ഓഫീസിനായി പുതുതായി അനുവദിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. 23-ന് വൈകീട്ട് സണ്ണി ജോസഫ് എം.എല്‍.എ. അധ്യക്ഷതയില്‍ റവന്യൂ മന്ത്രിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുക.
ഇതിനുള്ള സംഘാടകസമിതി രൂപവത്‌കരണ യോഗം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ഇരിട്ടി താലൂക്ക് ഓഫീസില്‍ ചേരും.


0 Comments