എങ്ങുമെത്താതെ സമാന്തരപാലം നിര്‍മാണം


തലശ്ശേരി: നിര്‍മാണം തുടങ്ങി ഒരുവര്‍ഷമായിട്ടും എരഞ്ഞോളിപ്പാലത്തിന്‌ സമാന്തരപാലം നിര്‍മാണം എങ്ങുമെത്തിയില്ല. പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. വൈകുന്നേരങ്ങളില്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്. കൂത്തുപറമ്ബില്‍നിന്ന് തലശ്ശേരിഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ എരഞ്ഞോളിപ്പാലത്തിലെത്തിയാല്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നു.

തലശ്ശേരിയില്‍നിന്ന് കൂത്തുപറമ്ബിലേക്കുള്ള വാഹനങ്ങളും പാലത്തിലൂടെ കടന്നുപോകാന്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞവര്‍ഷം നവംബറിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് സമാന്തരപാലം നിര്‍മാണം തുടങ്ങിയത്. ജലപാത കടന്നുപോകുന്നതിനാല്‍ പാലത്തിന്റെ ഉയരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ നിര്‍ത്തിവെച്ച നിര്‍മാണം ഇടവേളയ്ക്കുശേഷം വീണ്ടും തുടരുകയായിരുന്നു. ഇന്നത്തെനിലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങളെടുക്കും.

അനുബന്ധറോഡിലും മാറ്റംവരും

പാലത്തിന്റെ ഉയരം കൂട്ടുന്നതിനനുസരിച്ച്‌ അനുബന്ധ റോഡിലും മാറ്റംവരും. റോഡിന്റെ സ്ഥലമേറ്റെടുപ്പ് തുടങ്ങി. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍മാത്രമേ അനുബന്ധ റോഡ് നിര്‍മാണം തുടങ്ങാന്‍ കഴിയൂ.