മലയോരത്ത് കോൺഗ്രസിനെ  പ്രതിരോധത്തിലാക്കി നേതാവിനെ അഴിമതി കേസിൽ ശിക്ഷ വിധിച്ചത്: ടാർ വാങ്ങുന്നതിന് ട്രഷറിയിൽ നിന്ന് എടുത്ത തുക തട്ടിയെടുത്ത കേസിൽ കണിച്ചാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എം.മാണിക്കും മുൻ സെക്രട്ടറി ഐറിൻ മേരി ഫെർണാണ്ടസിനും തലശ്ശേരി വിജിലൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു.

2003 ൽ 84 ബാരൽ ടാർ വാങ്ങാൻ പേരാവൂർ സബ്ട്രഷറിയിൽ നിന്നും പിൻവലിച്ച 2, 21,418 രൂപ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത വിജിലൻസ് കേസിലാണ് വിധി.

കണ്ണൂർ വിജിലൻസ് മുൻ ഡി.വൈ.എസ്.പി.എ സുരേന്ദ്രൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീഷണൽ ലീഗൽ അഡ്വൈസർ ശൈലേഷാണ് ഹാജരായത്.

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരുവർക്കും 4 വർഷം വീതവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 6 വർഷം വീതവുമാണ് തടവ് ശിക്ഷ.കൂടാതെ ഇരുവരും നാലര ലക്ഷം രൂപ വീതം പിഴയും അടക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു.

നിലവിൽ കണിച്ചാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ് സി.എം.മാണി. ഇദ്ദേഹത്തിന്റെ ഭാര്യ സെലിൻ മാണിയാണ് കണിച്ചാർ പഞ്ചായത്തിന്റെ നിലവിലെ പ്രസിഡന്റ്.