കണ്ടങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ സമരം: സമരസമിതി ടൗണില്‍ പ്രകടനം നടത്തി

പയ്യന്നൂര്‍: നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി കണ്ടങ്കാളിയില്‍ പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരില്‍ ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 35 ദിവസം പിന്നിട്ടു. വ്യാഴാഴ്ച സമരസമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി.

ജനകീയ സമരസമിതി ചെയര്‍മാന്‍ ടി.പി.പദ്‌മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എന്‍.കെ.ഭാസ്കരന്‍, മണിരാജ് വട്ടക്കൊവ്വല്‍, പദ്‌മിനി കണ്ടങ്കാളി, ഇ.ദേവി, ഭാസ്കരന്‍ കണ്ടങ്കാളി, മാടക്ക ബാബു, കെ.വി.രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജൈവകര്‍ഷകയും വിദ്യാര്‍ഥിനിയുമായ ശ്വേത സുരേന്ദ്രന്‍ വെങ്ങര സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വന്തം കൃഷിയിടത്തില്‍ ഉത്പാദിപ്പിച്ച നടീല്‍ വസ്തുക്കളും വിത്തുകളും ശ്വേത സമരപ്പന്തലില്‍ വിതരണം ചെയ്തു.