പാതയോരത്തെ സംരക്ഷണഭിത്തി നിര്‍മാണം വനം വകുപ്പ് തടഞ്ഞു

ചിറ്റാരിപ്പമ്പ് : എടയാറില്‍ അന്തസ്സംസ്ഥാനപാതയോരത്ത് സംരക്ഷണഭിത്തി കെട്ടാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം വനം വകുപ്പ് തടഞ്ഞു. എടയാറിലുള്ള കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം വനംവകുപ്പിന്റെ സ്ഥലത്ത് അനുമതി ഇല്ലാതെയാണ് സംരക്ഷണഭിത്തി കെട്ടുന്നതെന്ന വാദമുയര്‍ത്തിയാണ് വനംവകുപ്പിന്റെ നടപടി.

എടയാര്‍ പുഴയുടെ സമീപത്തുകൂടി പോകുന്ന തലശ്ശേരി- ബാവലി അന്തസ്സംസ്ഥാനപാതയുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഭിത്തി നിര്‍മിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കണ്ണവംപുഴ കരകവിഞ്ഞ് എടയാറിലെ റോഡിലൂടെ ഒഴുകി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വര്‍ഷ കാലത്ത് പുഴയിലെ വെള്ളം റോഡിലേക്ക് കയറാതിരിക്കാന്‍ പുഴയ്ക്കും റോഡിനും ഇടയില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതോടൊപ്പം ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു ലക്ഷ്യം. ഒന്നര കോടിയോളം രൂപയാണ് പദ്ധതിക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് വകയിരുത്തിയിരുന്നത്. വിശദ പദ്ധതിരേഖ തയ്യാറാക്കിയ ശേഷം കഴിഞ്ഞദിവസമാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍, തങ്ങളുടെ അധീനതയിലുള്ള സ്ഥലത്താണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നതെന്ന പരാതിയുമായി വനംവകുപ്പ് അധികൃതര്‍ രംഗത്തെത്തിയതോടെ പണി നിര്‍ത്തി.
അനധികൃതമായി സ്ഥലം കൈയേറി എന്ന വനംവകുപ്പിന്റെ പരാതിയെ തുടര്‍ന്ന് പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരേ പോലീസ് അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ പൊതുമരാമത്തുവകുപ്പും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കയാണ്. അടുത്ത മാര്‍ച്ചിന് മുന്‍പ് പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ട്.