ചെമ്പേരി 110 കെ.വി. സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്, കടന്നത് 55 കേസുകളുടെ കടമ്പ


ശ്രീകണ്ഠപുരം: കിഴക്കന്‍ മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന ചെമ്ബേരി 110 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിയുന്നത്.

2006-ല്‍ അനുവദിക്കുകയും 2010-ല്‍ തന്നെ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും വിവിധ കോടതികളിലെ നിരവധി കേസുകള്‍ മൂലം നിര്‍മാണം ആരംഭിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീകണ്ഠപുരം സബ്‌സ്റ്റേഷനില്‍നിന്ന് ചെമ്ബേരി സബ്സ്റ്റേഷനിലേക്ക് ലൈന്‍ വലിക്കുന്നതും ടവര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ചില സ്ഥലമുടമകളുമായി തര്‍ക്കങ്ങള്‍ ഉണ്ടായത്.
തളിപ്പറമ്ബ് മുനിസിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങളില്‍ അന്തിമവിജയം കെ.എസ്.ഇ.ബി.ക്കായിരുന്നു. 55 കേസുകളാണ് ഉണ്ടായിരുന്നത്. കൂടാതെ ചില സമരങ്ങളെയും അതിജീവിക്കേണ്ടി വന്നു. നിര്‍മാണം തടയുന്ന സ്ഥിതിവരെയുണ്ടായി. എന്നാല്‍ കെ.എസ്.ഇ.ബി. മലയോരത്തെ പ്രധാന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഊര്‍ജിതമായി രംഗത്തിറങ്ങുകയായിരുന്നു.

ചെമ്ബേരി, പയ്യാവൂര്‍ ഇലക്‌ട്രിസിറ്റി സെക്ഷനുകളിലെ അരലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്ക് ചെമ്ബേരി സബ്‌സ്റ്റേഷന്‍ പ്രയോജനം ചെയ്യും. തടസ്സങ്ങള്‍ കൂടാതെ വൈദ്യുതി വിതരണം ചെയ്യുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും സബ് സ്റ്റേഷന്‍ ഉപകരിക്കും.

ചെമ്ബേരിക്കടുത്ത് പൂപ്പറമ്ബിലാണ് മൂന്നേക്കര്‍ സബ്‌സ്റ്റേഷനുവേണ്ടി വാങ്ങിയത്. ചുറ്റുമതില്‍ 2010-ല്‍ തന്നെ നിര്‍മിച്ചെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളിലാണ് പണികള്‍ ആരംഭിച്ചത്. തൃശ്ശൂരിലെ സണ്ണി ചെറിയാന്‍ അസോസിയേറ്റ്സിനാണ് നിര്‍മാണച്ചുമതല. അസി. എക്സി. എന്‍ജിനീയര്‍ കെ.അജയകുമാര്‍, അസി. എന്‍ജിനീയര്‍മാരായ എന്‍.സുശാന്ത്, പി.വി.പ്രസാദ്, സബ് എന്‍ജിനീയര്‍ ടി.വി.ജമീര്‍ജാന്‍ എന്നിവര്‍ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മാര്‍ച്ച്‌ മാസത്തോടെ സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

25 വര്‍ഷത്തെ വൈദ്യുതി ആവശ്യങ്ങള്‍ക്ക് ഉപകരിക്കും

പുതിയ ചെമ്ബേരി 110 കെ.വി. സബ്‌സ്റ്റേഷന്‍, ശ്രീകണ്ഠപുരം സബ്‌സ്റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയോടെ മലയോരത്തെ 25 വര്‍ഷത്തെയെങ്കിലും വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ക്കാണ് രണ്ടു സബ്‌സ്റ്റേഷന്റെയും പ്രയോജനം ലഭിക്കുക.

ശ്രീകണ്ഠപുരം നഗരസഭ, ഏരുവേശ്ശി, പയ്യാവൂര്‍, മലപ്പട്ടം, ഇരിക്കൂര്‍, ചെങ്ങളായി പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും മയ്യില്‍, പടിയൂര്‍, നടുവില്‍, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, ഉളിക്കല്‍ പഞ്ചായത്തുകള്‍ക്ക് ഭാഗികമായും രണ്ടു സബ്‌സ്റ്റേഷനുകളും പ്രയോജനപ്പെടും.