ആശുപത്രിക്കുള്ള ജീപ്പിന്റെ താക്കോല്‍ കൈമാറി


സുല്‍ത്താന്‍ബത്തേരി: കുടുംബാരോഗ്യ കേന്ദ്രത്തിന് എം.പി.യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച ജീപ്പിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി എം.പി. കൈമാറി. വനപ്രദേശമായ ഇവിടെ ആദിവാസി ഊരുകളിലെത്തി ചികിത്സ നല്‍കുന്നതിനാണ് എം.പി. ഫണ്ടില്‍നിന്ന്‌ ആശുപത്രിക്ക്‌ പുതിയ ഫോര്‍ വീല്‍ ജീപ്പ് അനുവദിച്ചത്. എം.പി. ഫണ്ടില്‍നിന്നുള്ള ആദ്യ വിനിയോഗമാണിത്. പുതിയ ജീപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹിര്‍ മുഹമ്മദ് ഓടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും ഒപ്പം കയറിയിരുന്നു.

സുരക്ഷാ പ്രശ്നമുള്ളതിനാല്‍ വാഹനം കൂടുതല്‍ ദൂരംകൊണ്ടുപോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇതിന്റെ ഭാഗമായി നടന്നചടങ്ങില്‍, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യമായി തിരഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ സി.എഫ്.ആര്‍. ഫണ്ടുപയോഗിച്ച്‌ ആശുപത്രിയില്‍ നിര്‍മിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ശിലാസ്ഥാപനവും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.

ആളുകള്‍ക്ക് ആശുപത്രിയിലേക്ക് എത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആശുപത്രി ആളുകളുടെ അടുത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗോത്രമേഖലയുടെ ഉന്നമനത്തിനായി കൂടുതല്‍ ശ്രദ്ധചെലുത്തി പ്രവര്‍ത്തിക്കും. ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസവുമടക്കം നിരവധി പ്രശ്നങ്ങള്‍ ഗോത്രസമൂഹം നേരിടുന്നുണ്ട്. ഗോത്രജനതയുടെ ജീവിതരീതികളോട് ഒരുപാട് ബഹുമാനമുണ്ട്. അവരുടെ സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ട്, അവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹിര്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍, ടി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു