മൂന്നാംഗേറ്റിലെ അടിപ്പാത നിര്‍മാണം: സമീപസ്ഥലങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക
തലശ്ശേരി: മൂന്നാംഗേറ്റില്‍ അടിപ്പാത നിര്‍മിച്ചാല്‍ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുമെന്ന് ആശങ്ക. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവങ്ങാട് 40-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.രേഷ്മ രംഗത്തെത്തി. കനത്ത മഴ പെയ്താല്‍ രണ്ടാം ഗേറ്റ്, സൈദാര്‍പള്ളി ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നത് മൂന്നാംഗേറ്റിലെ റെയില്‍പ്പാതയുടെ ഇരുവശത്തുമുള്ള ചാലിലൂടെയാണ്.
അടിപ്പാത നിര്‍മിച്ചുകഴിഞ്ഞാല്‍ ഈ ചാലുകള്‍ ഇല്ലാതായി വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചാലിയ സ്കൂളിന്റെയും മറ്റും ഭാഗത്തെ വീടുകളില്‍ വെള്ളം കയറുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പ്രദേശത്ത് വെള്ളക്കെട്ട് ഭീഷണിയുണ്ടായിരുന്നു.
അടിപ്പാത കൂടി വന്നാല്‍ പ്രശ്നം രൂക്ഷമാകുമെന്നാണ് ആശങ്ക. വര്‍ഷം തോറും നഗരസഭയുടെ ശുചീകരണത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും റെയില്‍പ്പാതയുടെ സമീപത്തെ ഓവുചാല്‍ ശുചീകരിക്കാറുണ്ട്. അടിപ്പാതയുടെ നിര്‍മാണം കഴിഞ്ഞ ദിവസം തുടങ്ങി.
വെള്ളമൊഴുകിപ്പോകുന്നതിന് അടിപ്പാതയില്‍ മാര്‍ഗമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നപരിഹാരം തേടി കൗണ്‍സിലര്‍ രേഷ്മ നഗരസഭാധ്യക്ഷന്‍ സി.കെ.രമേശനെ സമീപിച്ചു. ഇക്കാര്യം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
0 Comments