സ്വര്‍ണവേട്ടയ്ക്കൊരുങ്ങി ഓപ്പറേഷന്‍ ഒളിമ്പ്യാ ടീം
കണ്ണൂര്‍: ദേശീയ സീനിയര്‍ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ കേരളത്തിന് മെഡല്‍ ഉറപ്പിച്ച് സെമിഫൈനലിലെത്തിയ മൂന്നുപേരും ഓപ്പറേഷന്‍ ഒളിമ്ബ്യാ പദ്ധതിയുടെ കണ്ടെത്തലുകളാണ്. കേരളത്തിന് ഒളിമ്ബിക് സ്വര്‍ണം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെയാണ് കെ.എ.ഇന്ദ്രജ, അഞ്ജു സാബു, പി.എം.അനശ്വര എന്നിവര്‍ ബോക്സിങ് റിങ്ങിലെത്തുന്നത്.
2004-ലെ ചാമ്ബന്‍ഷിപ്പില്‍ ഒന്നാംസ്ഥാനവും 2010-ല്‍ രണ്ടാംസ്ഥാനവും നേടിയതിനുശേഷം മികച്ച നേട്ടങ്ങളൊന്നും ഇല്ലാത്ത കേരളത്തിന് ഇത്തവണ ഇവരുടെ കരുത്തില്‍ ഇടിക്കൂട്ടില്‍ പുതുചരിത്രം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
75 കിലോ വിഭാഗത്തില്‍ അന്തര്‍സര്‍വകലാശാലാ മീറ്റില്‍ സ്വര്‍ണവും 2017 ദേശീയ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ കെ.എ.ഇന്ദ്രജ തന്നെയാണ് ഇത്തവണത്തെയും താരം. തുമ്ബ സെയ്ന്റ് സേവ്യേഴ്‌സ് കോളേജിലെ ബി.കോം. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഇടുക്കി തൊടുപുഴ സ്വദേശിയായ അജിത്ത് കുമാറിന്റെയും ഉഷയുടെയും മകളാണ്. 81 പ്ലസ് വിഭാഗത്തില്‍ സെമിയിലെത്തിയ പി.എം.അനശ്വര കോഴിക്കോട് സ്വദേശിയും വോളിബോള്‍ താരവുമായ വിജയയുടെയും മനോഹരന്റെയും മകളാണ്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ക്യാമ്ബിലുണ്ടായിരുന്ന ഏക മലയാളിയും അനശ്വരയാണ്.
48 കിലോ വിഭാഗത്തില്‍ നാടകീയ വിജയത്തോടെയാണ് ഇത്തവണ അഞ്ജു സാബുവിന്റെ മുന്നേറ്റം. മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ജുവും ഹരിയാനയുടെ ആര്‍ദിയും ഒരേ പോയന്‍റ് നേടി. ഒടുവില്‍ മികച്ച നീക്കങ്ങളും മുന്നേറ്റങ്ങളും കണക്കിലെടുത്ത് അഞ്ജുവിനെ വിജയിപ്പിക്കുകയായിരുന്നു. ഇടുക്കി രാജാക്കാട് സ്വദേശിയായ അഞ്ജു തുന്പ സെയ്ന്റ് സേവ്യസ് കോളേജിലെ എം.കോം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആറ്റിങ്ങലിലെ ഹോസ്റ്റലിലാണ് മൂന്നുപേരും താമസിക്കുന്നത്. കൊല്ലം സ്വദേശിയായ ആര്‍.കെ.മനോജ്കുമാറാണ് പരിശീലകന്‍.
0 Comments