പയ്യന്നൂരില്‍ തിയേറ്റര്‍ സമുച്ചയം: ധാരണാപത്രം കൈമാറി


പയ്യന്നൂര്‍: ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന് സ്ഥലം വിട്ടുനല്‍കാനുള്ള ധാരണാപത്രം കൈമാറി. നഗരസഭയ്ക്ക് കീഴില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള 50 സെന്റാണ് കോര്‍പ്പറേഷന് കൈമാറുന്നത്. 30 വര്‍ഷത്തേക്കാണിത്. മാസം 25,000 രൂപയാണ് പാട്ടത്തുക.

ആത്യാധുനിക സംവിധാനങ്ങളടങ്ങിയ രണ്ടു തിയേറ്ററുകളാണ് ഇവിടെ നിര്‍മിക്കുക. 200 പേര്‍ക്ക് ഇരിക്കാവുന്ന ഡോള്‍ബി അറ്റ്‌മോസ് തിയേറ്ററും സില്‍വര്‍ സ്‌ക്രീന്‍ തിയേറ്ററുമാണ് പദ്ധതിയിലുള്ളത്. ഫോര്‍ കെ പ്രൊജക്‌ഷന്‍, ത്രീ ഡി എന്നിവയും ഒരുക്കും. പാര്‍ക്കിങ്, റിഫ്രഷ്‌മെന്റ്, ഫുഡ്കോര്‍ട്ട് തുടങ്ങിയവയും ഭാഗമായി ഉണ്ടാകും. തിയേറ്റര്‍ സമുച്ചയത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കെട്ടിടനിര്‍മാണത്തിനും അടിസ്ഥാനസൗകര്യത്തിനുമായി 11 കോടി രൂപയാണ് അനുവദിച്ചത്.

പയ്യന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒ.വി.തദ്ദേവൂസ്, സൈറ്റ് എന്‍ജിനീയര്‍ എസ്.അനില്‍, അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.പ്രശാന്ത്, തിയേറ്റര്‍ മാനേജര്‍ പി.എ.മോഹന്‍കുമാര്‍, പ്രോജക്‌ട് അസിസ്റ്റന്റ് അബിന്‍ സാബു, ആര്‍.രാജേഷ്‌കുമാര്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ജ്യോതി, സെക്രട്ടറി വി.കെ.അജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.