_പൗരത്വ ഭേദഗതിയും എൻ.ആർ.സിയും വഴി_
_രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക._

ഡിസംബര്‍ 17ന് ഹർത്താൽ വിജയിപ്പിക്കുക - സംയുക്ത സമിതി

ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ  ആർട്ടിക്കിൾ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത്.  രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എൻ.ആർ.സി തയ്യാറാക്കുന്നത്. രാജ്യത്തെ  വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീർഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താനുള്ള തീരുമാനത്തെ  പിന്തുണക്കാൻ കണ്ണൂരിൽ ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി മുൻസിപ്പാലിറ്റിയിലെ ടെമ്പിൾ  വാർഡ്, എടക്കാട് കോർപറേഷൻ ഡിവിഷൻ എന്നീ പ്രദേശങ്ങളേയും ശബരിമല തീർത്ഥാടക വാഹനങ്ങളേയും ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.
1. സൈനുദ്ദീൻ കരിവെള്ളൂർ, ബർണബാസ് ഫെർണാണ്ടസ് (വെല്‍ഫെയര്‍ പാര്‍ട്ടി)
2. എ സി ജലാലുദ്ധീൻ
ബഷീർ കണ്ണാടിപറമ്പ  (എസ്.ഡി.പി.ഐ)
3. സുനിൽ കുമാർ ( മക്തബ് മീഡിയ)
4. സുനിൽ കൊയിലേരിയൻ(അംബേദ്കർ സ്റ്റഡി സെൻറർ)
5. അഡ്വ: കസ്തൂരി ദേവൻ
6. പി.ബി.എം.ഫർമീസ് (സോളിഡാരിറ്റി)
7 .സജീവൻ  പറമ്പൻ ( ബി.എസ്.പി.)
8. സുരേഷ് കീഴാറ്റൂർ
 9.വി.വി.ചന്ദ്രൻ മാസ്റ്റർ
10.സി.മുഹമ്മദ് ഇംതിയാസ്
11. പള്ളിപ്രം പ്രസന്നൻ
12. സാജിത സജീർ
13. ഫൈസൽ മാടായി