സംസ്ഥാനത്ത് ഡെങ്കിപ്പനി പടരാന്‍ സാധ്യത, മുന്നറിയിപ്പ് ; 'സ്പോട്ടി'ല്‍ തന്നെ തീര്‍ക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : അടുത്തവര്‍ഷം സംസ്ഥാനത്ത് ഡെങ്കിപ്പനി പടരാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. ഡിസംബര്‍ ആദ്യത്തോടെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഡെങ്കിയും വൈറല്‍പ്പനികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2020 ല്‍ ഡെങ്കി പടരാനുള്ള സാധ്യതാറിപ്പോര്‍ട്ടുകളെ ശരിവയ്‌ക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടര്‍ച്ചയായ ആക്രമണ സ്വഭാവവുമാണ് വരും വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യത കല്‍പ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2017 ലാണ് കേരളത്തില്‍ ഡെങ്കിപ്പനി രൂക്ഷമായത്. ഒപ്പം ചിക്കുന്‍ഗുനിയയും വ്യാപകമായി. സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിയ തീവ്ര പരിശ്രമത്തിനൊടുവിലാണ് പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാനായത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ജനകീയ ശുചീകരണയജ്‌ഞവും 'ആരോഗ്യ ജാഗ്രത'യും നടപ്പാക്കി. 2017ല്‍ ഡെങ്കി വ്യാപകമായ പ്രദേശങ്ങളില്‍ മൂന്ന് വര്‍ഷം കഴിയുമ്ബോള്‍ വീണ്ടും പടരാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കി. പരിസരശുചീകരണവും കൊതുക് നിവാരണവും ജനകീയ സഹകരണത്തോടെ നടത്തണമെന്ന് നിര്‍ദേശം നല്‍കി. മുമ്ബ് പകര്‍ച്ചപ്പനി പടര്‍ന്ന പ്രദേശങ്ങളുടെ സ്‌പോട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. മരുന്നുലഭ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും നിര്‍ദേശം നല്‍കി.


0 Comments