കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 57 സേവനങ്ങള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍; 'എം കേരളം' മൊബൈല്‍ ആപ്ലിക്കേഷന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ 'എം കേരളം' മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ പരിഷ്കരിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കല്‍, പരാതി അറിയിക്കല്‍, അടിയന്തര സാഹചര്യത്തില്‍ സഹായം ആവശ്യപ്പെടല്‍ തുടങ്ങി 57 സേവനങ്ങള്‍ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും.
നമ്ബര്‍ ഡയല്‍ ചെയ്യാതെ തന്നെ ആപ്ലിക്കേഷനില്‍ സേവനം ആവശ്യമുള്ള ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ബന്ധപ്പെട്ട സേവന കേന്ദ്രത്തിലേക്കു കോള്‍ കണക്‌ട് ആകും. ഇപ്പോഴുള്ള ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്താല്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാകും.
ദേശീയ പൗരത്വ രജിസ്ട്രേഷന്‍, വിമുക്ത ഭടന്‍മാരുടെ ആനുകൂല്യങ്ങള്‍, റേഷന്‍ കാര്‍ഡ് പുതുക്കല്‍, ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ലൈഫ് മിഷന്‍, തൊഴിലുറപ്പ്, ജിഎസ്ടി, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, ആരോഗ്യ ഇന്‍ഷുറന്‍സ്, പിഎസ്‍സി, സര്‍വകലാശാല, പ്രൊഫഷണല്‍ കോഴ്സുകള്‍, കുടുംബശ്രീ, ഉപഭോക്തൃ തര്‍ക്ക പരിഹാരം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളും പരാതികളും അറിയിക്കാനുള്ള സൗകര്യം അടക്കം 41 സേവനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. പരാതി രജിസ്റ്റര്‍ ചെയ്ത വിവരം അപ്പോള്‍ തന്നെ അറിയാം. സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം 14 ദിവസത്തിനകം മൊബൈലില്‍ സന്ദേശമായെത്തും.
ലഭ്യമാകുന്ന സേവനങ്ങള്‍
1മാനസിക, ശാരീരിക പ്രശ്നങ്ങള്‍ക്കു വിദഗ്ധ ഡോക്ടര്‍മാരോട് 24 മണിക്കൂറും സംശയം ചോദിക്കാം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗണ്‍സലിങ്. ക്ഷേമ പദ്ധതികളെക്കുറിച്ചും അറിയാം.
2 ജോലി സാധ്യതയുള്ള കോഴ്സുകള്‍, പഠിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഫീസ് ആനുകൂല്യം, വായ്പ എന്നിവ അറിയാം.
3 കാട്ടുമൃഗ ശല്യം, ആക്രമണം, കൃഷി നശിപ്പിക്കല്‍ തുടങ്ങി പരാതികള്‍ അറിയിക്കാന്‍ വനം വകുപ്പിന്റെ ഹെല്‍പ് ലൈന്‍
4 വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും സര്‍ക്കാരിന്റെ താമസ, യാത്രാ സൗകര്യങ്ങള്‍ ബുക്ക് ചെയ്യാനും സൗകര്യം
5 പൊതുമരാമത്ത് റോഡ്, പാലം, കെട്ടിടം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം.
6 കൃഷി രീതികള്‍, വിള രോഗം, കര്‍ഷക പദ്ധതികള്‍ എന്നിവ അറിയാം. പരാതികള്‍ അറിയിക്കാനും സംശയം തീര്‍ക്കാനും സൗകര്യം.
7 ആംബുലന്‍സ്, പൊലീസ്, അഗ്നിരക്ഷാ സേന, നിര്‍ഭയ, ഷീ ടാക്സി, ഹൈവേ പൊലീസ്, വനിത സെല്‍, റെയില്‍വേ സുരക്ഷാ സേന തുടങ്ങിവയെ ബന്ധപ്പെടേണ്ട വിഭാഗങ്ങള്‍.
8 വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങി 23 തരം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
0 Comments