ഉരുള്‍പൊട്ടലും പേമാരിയും: 2,55,227 കുടുംബങ്ങള്‍ക്ക്‌ 255.42 കോടി നല്‍കി

തിരുവനന്തപുരം: ഉരുള്‍പൊട്ടലിലും പേമാരിയിലും നാശനഷ്‌ടം സംഭവിച്ച 2, 55, 427 കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ 255.42 കോടിരൂപ (255,42,70,000) സഹായം നല്‍കി. ഒരു കുടുംബത്തിന്‌ 10,000 രൂപ വീതമാണ്‌ ആദ്യഘട്ട സഹായം നല്‍കിയത്‌. ഇതില്‍ ക്യാമ്ബില്‍ വരാതെ ബന്ധുവീടുകളിലേക്ക്‌ മാറി താമസിച്ച 1,17,99 കുടുംബങ്ങള്‍ക്ക്‌ 117.99 കോടിയും സര്‍ക്കാര്‍ ക്യാമ്ബുകളില്‍ കഴിഞ്ഞ 1,37,428 കുടുംബങ്ങള്‍ക്ക്‌ 137,42 , 80,000 രൂപയും നല്‍കി. ബന്ധുവീടുകളിലേക്ക്‌ മാറിയ ഏതാനും കുടുംബങ്ങളുടെ പട്ടിക കൂടി അന്തിമമാക്കാനുണ്ട്‌. ഇവര്‍ക്കും 10,000 രൂപ വീതം നല്‍കും.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്‌ ബന്ധുവീടുകളിലേക്കും മറ്റും മാറി തമസിച്ചവര്‍ക്കും ധനസഹായം അനുവദിച്ചത്‌. പഞ്ചായത്ത്‌, റെവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയാണ്‌ ഈ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയത്‌. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിഞ്ഞവര്‍ക്ക്‌ മാത്രമായിരുന്നു സഹായം.

കോഴിക്കോട്‌ ജില്ലയിലാണ്‌ ബന്ധുവീടുകളിലേക്ക്‌ മാറി താമസിച്ച കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ സഹായം ലഭിച്ചത്‌. 22, 551 കുടുംബങ്ങള്‍ക്ക്‌ 22.55 കോടി നല്‍കി. മലപ്പുറത്ത് 22,246 കുടുംബങ്ങള്‍ക്ക്‌ 22.24 കോടിയും തൃശൂരില്‍ 22063 കുടുംബങ്ങള്‍ക്ക്‌ 22.6 കോടിയും നല്‍കി. വയനാട്ടില്‍ 2890 കുടുംബങ്ങള്‍ക്ക്‌ 2.89 കോടി ലഭിച്ചു.

കൊല്ലത്ത് 221, പത്തനംതിട്ടയില്‍ 383, ആലപ്പുഴയില്‍ 10193, കോട്ടയം 14622, എറണാകുളം 8121 , പാലക്കാട്‌ 3366, കണ്ണൂര്‍ 8224, ഇടുക്കി 183, കാസര്‍കോട്‌ 2874 കുടുംബങ്ങള്‍ക്കും 10,000 രൂപ വീതം ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 62 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. ഏതാനും കുടുംബങ്ങളുടെ പട്ടികഅന്തിമ പരിശോധനയിലാണ്‌. ഇതിന്‌ താമസിയാതെ അംഗീകാരം നല്‍കും.