പട്ടാളക്കാരനേല്‍ക്കുന്ന മുറിവ് രാജ്യത്തിന്റേതുകൂടിയാണ്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാകദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടാളക്കാരനേല്‍ക്കുന്ന മുറിവ് രാജ്യത്തിനേല്‍ക്കുന്ന മുറിവാണെന്നും സായുധസേനയിലെ അംഗങ്ങളുടെ കൃത്യനിര്‍വ്വഹണ ബോധം മറ്റെവിടെയും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സൈനിക നടപടികള്‍ നിര്‍വഹിക്കുന്നതിനോടൊപ്പം അച്ചടക്കത്തിലും സമര്‍പ്പണത്തിലും ദേശാഭിമാനപരമായ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സൈനികര്‍ മികച്ച പങ്കാണ് വഹിക്കുന്നത്. സ്വന്തം കുടുംബവും നാടും വിട്ട് രാജ്യസുരക്ഷക്കായി പോരാടുന്നവരാണ് പട്ടാളക്കാര്‍. ആ കൃത്യനിര്‍വഹണ ബോധമാണ് ഓരോ പട്ടാളക്കാരനെയും മാതൃകാ പൗരനാക്കി മാറ്റുന്നത്. ലോകത്തിലെ ഏത് സായുധസേനയുമായി മത്സരിച്ചാലും സമര്‍പ്പണബോധത്തിലും അച്ചടക്കത്തിലും കഴിവിലും ഇന്ത്യന്‍ സേന മുന്നിലാണെന്നും മന്ത്രി പറഞ്ഞു. പതാകദിനത്തിന്റെ ഭാഗമായുള്ള സായുധ സേനാ പതാക വില്‍പ്പനയുടെ ആദ്യ സംഭാവനയും മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ചതും രാജ്യസുരക്ഷക്കായി സേവനം അനുഷ്ഠിച്ചതുമായ സായുധ സേനാംഗങ്ങളെയും, വിമുക്തഭടന്മാരെയും സ്മരിക്കുന്നതിനായാണ് സായുധസേനാ പതാകദിനം ആചരിക്കുന്നത്. രാവിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട. കേണല്‍ എന്‍ വി ജി നമ്പ്യാര്‍ പതാകദിന സന്ദേശം നല്‍കി. സേനാംഗങ്ങളുടെ ആശ്രിതര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നല്‍കുന്ന തയ്യല്‍, എംബ്രോയിഡറി യന്ത്രങ്ങളുടെ വിതരണം സൈനികക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ റിട്ട. ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ പാറാലി സാമ്പത്തിക സഹായം വിതരണം ചെയ്തു. ജില്ലാ എന്‍സിസി ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ ജോസ് എബ്രഹാം, ശൗര്യചക്ര ജേതാവ് സുബേദാര്‍ പി വി മനേഷ്, എന്‍സിസി ചൊവ്വ എച്ച്എസ്എസ് ചീഫ് ഓഫീസര്‍ കെ കെ വിനോദ് കുമാര്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. എഡിഎം ഇ പി മേഴ്സി, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കേണല്‍ കണ്ണന്‍, എം ജനാര്‍ദ്ദനന്‍, പി ആര്‍ രാജന്‍, പി വി പ്രേമാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments