കുടിശ്ശിക ഇനത്തില്‍ 3.76 കോടിയുടെ ഇളവ് നല്‍കി ഭവന നിര്‍മ്മാണ ബോര്‍ഡ്. മൂന്ന് മാസത്തിനുള്ളില്‍ ഭവന നിര്‍മ്മാണ കുടിശ്ശിക അടച്ചു തീര്‍ക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കുടിശ്ശിക ഇനത്തില്‍ 3.76 കോടിയുടെ ഇളവ് നല്‍കി ഭവന നിര്‍മ്മാണ ബോര്‍ഡ്. മൂന്ന് മാസത്തിനുള്ളില്‍ ഭവന നിര്‍മ്മാണ കുടിശ്ശിക അടച്ചു തീര്‍ക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
ഭവന നിര്‍മ്മാണ ബോര്‍ഡ് അനുവദിച്ച വായ്പ ഇളവിന് ശേഷമുള്ള കുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭവന നിര്‍മ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവന നിര്‍മ്മാണ വായ്പ കുടിശ്ശികയുള്ള ആളുകളുടെ വ്യക്തമായ വിവരങ്ങള്‍ വകുപ്പ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ഇളവ് അനുവദിക്കുന്നത്. പരമാവധി ആനുകൂല്യങ്ങള്‍ അദാലത്തില്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ അദാലത്തില്‍ നിര്‍ദേശിക്കുന്ന തുക മൂന്ന് മാസത്തിനുള്ളില്‍ ഗഡുക്കളായോ അല്ലാതെയോ അടച്ചുതീര്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിശ്ചിത സമയ പരിധിക്ക് ശേഷം ഒരു വിട്ടുവീഴ്ചയും ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ വായ്പ തുക തിരിച്ചടക്കാത്തതിനാല്‍ ബോര്‍ഡ് വലിയ പ്രതിസന്ധിയിലാണ്. 20 വര്‍ഷമായി വായ്പകള്‍ നല്‍കുന്നില്ല. ഹഡ്‌കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ബോര്‍ഡ് വ്യക്തികള്‍ക്ക് വായ്പ അനുവദിച്ചിരുന്നത്. വ്യക്തികള്‍ വായ്പ തിരിച്ചടക്കാതായതോടെ ബോര്‍ഡിന് ഹെഡ്‌കോയിലേക്ക് പണം തിരിച്ചടക്കാന്‍ കഴിയാതായി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്നും മന്ത്രി വ്യക്തമാക്കി. 50 ഗുണഭോക്താക്കള്‍ക്കായി 3.76 കോടി രൂപയുടെ കുടിശ്ശിക ഇളവാണ് അദാലത്തില്‍ അനുവദിച്ചത്. 4.71 കോടി രൂപയാണ് ഇവര്‍ക്ക് തിരിച്ചടവ് ഇനത്തില്‍ ബാക്കിയുണ്ടായിരുന്നത്. ഇളവ് അനുവദിച്ചതോടെ 94.63 ലക്ഷം രൂപ മാത്രമാണ് ഇവര്‍ ഇനി അടക്കേണ്ടത്. 20,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ തുകകള്‍ വായ്പയെടുത്ത 88 ഗുണഭോക്താക്കളെയാണ് അദാലത്തില്‍ പരിഗണിച്ചിരുന്നത്. ഇതില്‍ 68 പേര്‍ അദാലത്തില്‍ ഹാജരായി. 50 പേരുടെ കുടിശ്ശികയാണ് വകുപ്പ് നിര്‍ദേശിച്ച തുക തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്. 11 കോടിയോളം രൂപയാണ് ജില്ലയില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ബോര്‍ഡിന് ലഭിക്കാനുള്ളത്. സംസ്ഥാനത്ത് വായ്പ കുടിശ്ശിക അദാലത്ത് നടത്തുന്ന 13 ാമത് ജില്ലയാണ് കണ്ണൂര്‍. 2004 മുതല്‍ 2018 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും അതില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിയാത്തവര്‍ക്കായാണ് അദാലത്ത് സംഘടിപ്പിച്ചത്. വില്ലേജ് ഓഫീസറും ഭവന നിര്‍മ്മാണ ബോര്‍ഡ് അധികൃതരും ചേര്‍ന്നാണ് കുടിശ്ശികക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജീവിത രീതി, സാമ്പത്തിക ശേഷി, തിരിച്ചടവ് ശേഷി, ആരോഗ്യം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇപി മേഴ്‌സി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, ഹൗസിങ്ങ് കമ്മീഷണര്‍ വി ആര്‍ പ്രേംകുമാര്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍ റാണി, ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments