ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കരുത്; വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കള്‍ കടുത്ത സാമ്ബത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിവിധ വ്യാപാരസംഘടനകള്‍ ആവശ്യപ്പെട്ടു. നിലവിലെ ജിഎസ്ടി നിരക്കുകള്‍ തന്നെ കുറയ്ക്കണമെന്ന ആവശ്യം നിലനില്‍ക്കേ വീണ്ടും വര്‍ധന ജനജീവിതത്തെ ദുസ്സഹമാക്കും. അതിനു പുറമെ റെയില്‍വേ നിരക്കുകളും വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നു. ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുകയല്ല, നികുതി ചോര്‍ച്ച തടയുകയും അനാവശ്യ ആര്‍ഭാട-ധൂര്‍ത്തുകള്‍ ഒഴിവാക്കി ചെലവുകള്‍ നിയന്ത്രിക്കുകയുമാണു വേണ്ടത്. നടപ്പാക്കി രണ്ടു വര്‍ഷത്തിലധികം പിന്നിട്ടിട്ടും ജിഎസ്ടി നിരക്കുകളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. അടിക്കടിയുള്ള നിരക്ക്-നിയമ മാറ്റങ്ങള്‍ നികുതിദായകരിലും ഉപഭോക്താക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കേരളത്തില്‍ ജിഎസ്ടി ആര് -3 ബി നടപ്പു വര്‍ഷം ഒക്ടോബര്‍ വരെ സങ്കീര്‍ണതകാരണം 26,940 പേര് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. 5359 പേര് ഈ കാലയളവില്‍ കച്ചവടം അവസാനിപ്പിച്ചു.


0 Comments